അഖിൽ മുരളി
അല്ലയോ എൻ പ്രിയ നന്ദിനി
മുല്ലമൊട്ടുപോൽ മനോഹരമാം നിൻ
ദന്തങ്ങളെവിടെ, കാണാൻ കൊതികൊണ്ടിടുന്നു
ഞാൻ, നിൻ മാതാവ്.
പേറ്റു നോവറിഞ്ഞവൾ ഞാ-
നിന്നറിയുന്നകന്നു പോയ നിൻ
മന്ദഹാസങ്ങളും.

സ്നേഹമേകി ഞാൻ വളർത്തിയെൻ
പൊൻ മുത്തേ
ഒരു വാക്കോതാതെയെവിടേക്കു
മാഞ്ഞു നീ
ഒരു നോക്കു കാണുവാൻ നിന്നിടാ-
തെവിടേക്കകന്നു നീ.

കൂപങ്ങൾതോറും പതിയിരിക്കും മൃത്യുവേ
എന്തിനെൻ കുഞ്ഞിനെ നുള്ളിയെടുത്തു
പിച്ചവെച്ചു തുടങ്ങിയെൻ കണ്മണി-
യെന്തപരാധം ചെയ്തുവോ.

കരാള സർപ്പമേ, എന്തിനീ ക്രൂരത-
യെന്നോട് കാട്ടി നീ,
നീയുൾപ്പെടും ജീവജാലങ്ങളിൽ
സ്നേഹം ചൊരിഞ്ഞവളല്ലെയോ
എന്മകൾ.

ദംശനമേറ്റു പിടഞ്ഞൊരെൻ കുഞ്ഞിന്റെ
നൊമ്പരമറിയാത്ത ഗുരു ശ്രേഷ്ഠ
ഗുരുവെന്ന പദത്തിൻ പൊരുളറിയാതെ
ജീവിച്ചീടുകിൽ അർത്ഥമെന്ത്‌.

മിഴിനീർ മുത്തുകൾ കോർത്തോരു
ഹാരമണിയിച്ചിടും ഞാൻ നിൻ കണ്ഠത്തിൽ
എൻ കണ്ണുനീരിൻ താപവും ശീതവും
അറിഞ്ഞിടേണം നീ, ഗുരുവേ.

മാളമൊരുക്കി മാനവ ജന്മങ്ങൾ
അഭയാർത്ഥിയായതു നീ നാഗമേ,
നിന്നെയോ ഞാനെന്നെയോ
ഇക്ഷിതിയെയോ, ഗുരു ശ്രേഷ്ഠനെയോ
ആരെ ഞാൻ പഴിക്കേണ്ടു .
ഉത്തരമില്ലാചോദ്യാവലിയുമായി
നിലതെറ്റി വീഴുന്നേകയായി
മകളേ നിന്നെയൊരുനോക്കു കാണുവാൻ
തൃഷ്ണയോടിന്നിതാ കേഴുന്നീ തായ

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

( കരഞ്ഞുകൊണ്ടാണ് ഈ ചിത്രം ഞാൻ പൂർത്തിയാക്കിയത് – അനുജ )