മുന്നറിയിപ്പ് – കവിത

മുന്നറിയിപ്പ് – കവിത
November 20 21:29 2018 Print This Article

മുന്നറിയിപ്പ്

മകനേ, പിറന്നു നീ വാവിട്ടു കരയുമ്പോള്‍
മുന്നിലും പിന്നിലും ചുറ്റിലും നോക്കണേ.
നിന്റെ കരച്ചിലിലുണ്ടോ “ഇന്‍ടോലറന്‍സ്”
അതെന്തെന്നു മാത്രമീയമ്മക്കറിയില്ല.
നാല്‍പ്പത്തിയേഴില്‍ സ്വതന്ത്രയായീയമ്മ
സ്വന്തമായി നേടിയതെന്തെന്നറിയാതെ.
സ്വാതന്ത്ര്യരോഗത്തിന്നടിമയാം മക്കള്‍തന്‍-
മാരക രോഗങ്ങളേറ്റു മരിക്കുന്നു.
വിഢിയാം മക്കളെ പെറ്റയീയമ്മതന്‍
മാറിടം വിങ്ങുന്നു മകനേ നിനക്കായി.
മകനേ, പിറന്നു നീ വാവിട്ടു കരയുമ്പോള്‍
മുന്നിലും പിന്നിലും ചുറ്റിലും നോക്കണേ.
കാണാത്തതു കണ്ടെന്നു പറഞ്ഞാലും
കണ്ടതു കണ്ടെന്നു പറയരുതേ.
കേള്‍ക്കാത്തതു കേട്ടെന്നു പറഞ്ഞാലും
കേട്ടതു കേട്ടെന്നു പറയരുതേ.
പറയാത്തതു പറഞ്ഞെന്നു പറഞ്ഞാലും
പറഞ്ഞതു പറഞ്ഞെന്നു പറയരുതെ.
കണ്ടതിന്റെയും കേട്ടതിന്റെയും പറഞ്ഞതിന്റെയും
പോസ്റ്റ്‌മാര്‍ട്ട  റിപ്പോര്ട്ടില്‍
കാണാത്തതും
കേള്‍ക്കാത്തതും
പറയാത്തതും
സ്റ്റാമ്പടിച്ചു വരികയില്ലെന്നാര്‍ക്കറിയാം?

മകനേ, പിറന്നു നീ വാവിട്ടു കരയുമ്പോള്‍
മുന്നിലും പിന്നിലും ചുറ്റിലും നോക്കണേ.
എണ്ണം പഠിക്കുമ്പോള്‍ ഓര്‍ക്കണേയെണ്ണുവാന്‍
എണ്ണിയാല്‍ തീരാത്ത ശാപകണക്കുകള്‍.
മതങ്ങള്‍- മതങ്ങള്‍ക്കുള്ളിലെ മതങ്ങള്‍
ജാതികള്‍- ജാതികള്‍ക്കുള്ളിലെ ജാതികള്‍
ഭാഷകള്‍- ഭാഷകള്‍ക്കുള്ളിലെ ഭാഷകള്‍
പാര്‍ട്ടികള്‍- പാര്‍ട്ടികള്‍ക്കുള്ളിലെ പാര്‍ട്ടികള്‍.
നിയമസംഹിതയിലെ നിയമങ്ങള്‍ പലതും
നിയമ പുസ്തക താളുകളില്‍
കോടതി കാണാന്‍ മുറവിളി കൂട്ടവേ
മോറല്‍ പോലീസും
ജാതിപോലീസും
ഭാഷപോലീസും
പാര്‍ട്ടിപോലീസും
നേരില്ലാനെറിയില്ലാ നിയമചട്ടങ്ങളെ
നാടിന്‍ വസ്ത്രമുരിഞ്ഞതിന്‍-
നഗ്നതയിലേക്കഴിച്ചുവിടുന്നു.
നാറിയ ചരിതങ്ങള്‍ രചിച്ചിടുന്നു.
നല്ലവര്‍ നാണക്കേട് ഭയന്നു
നല്ലവരായി ജീവിക്കാന്‍ ദരിദ്ര വേഷം കെട്ടവെ
നാണമില്ലാത്തവര്‍ മുമ്പും പിമ്പും നോക്കാതെ
വാഴുന്നു, വാഴ്ത്തപ്പെടുന്നു.

മകനേ, പിറന്നു നീ വാവിട്ടു കരയുമ്പോള്‍
മുന്നിലും പിന്നിലും ചുറ്റിലും നോക്കണേ.
കണ്ടതും കൊണ്ടതും കൂട്ടിക്കുറച്ചു-
ഗുണിച്ചു ഹരിച്ചു പഠിച്ചു പാഠങ്ങളില്‍
നിന്നെന്തെല്ലാം തന്നിടാം മകനേ നിനക്കായി
എങ്കിലും, നിന്നൂടെ ജീവിതം
നിന്നുടെ ജീവിതമാണു മകനേയീ-
അമ്മക്ക് നല്‍കുവാന്‍ മുന്നറിയിപ്പൊന്നു
മാത്രമതാണിയീ “ഇന്‍ടോലറന്‍സ്”.
ഇന്‍ടോലറന്‍സിന്റെ അര്‍ത്ഥമറിയാതെ
അര്‍ത്ഥമറിഞ്ഞുട്ടുമര്‍ത്ഥമറിയാതെ
അല്ലെങ്കില്‍ സ്വന്തമമര്‍ഷത്തിന്‍ വിത്തുകള്‍
പാകി സമൂഹത്തില്‍ വിപ്ലവകാരിയായി
നിന്നുടെ ജീവിതം നിന്നുടെ ജീവിതം
സാരോപദേശങ്ങള്‍ വ്യര്‍ത്ഥമാം സത്യങ്ങള്‍
നല്ലവന്‍കെട്ടവന്‍
വിജയി പരാജിതന്‍
നിര്‍വ്വചനങ്ങളും നിന്നുടെയിഷ്ടം
അന്നു മഹാത്മാവ് കാട്ടിയ കുട്ടി-
ക്കുരങ്ങുകള്‍ മൂന്നുമിന്നും സമൂഹത്തില്‍
സ്വച്ച ജീവിതത്തിന്നുത്തമമെന്നു
പറയാനോപറയാതിരിക്കാനോ
ധര്‍മ്മബോധമനുവദിക്കുന്നില്ല.
അർത്ഥമനർത്ഥ വിപത്തുകൾ പാകിയ
വിത്തുകൾ നാശവൃക്ഷങ്ങളാകവേ
കണ്ണുനീർ പൊടിയാതെയമ്മ തപിക്കുന്നു.
കണ്ണീരിൻ നനവാൽ തളിർക്കേണ്ട പൂക്കേണ്ട
നാശവൃക്ഷങ്ങളൊരിക്കലും, പാവമീ –
യമ്മതൻ രോദനം കേൾക്കുവാനാരുണ്ട്?
മകനേ, പിന്നിലും ചുറ്റിലും നോക്കണേ
നിന്റെ കരച്ചിലിലുണ്ടോ “ഇൻടോലറൻസ്”
അതെന്തെന്നു മാത്രമീയമ്മയ്ക്കറിയില്ല.

മുരളി ടി വി

മലയാളത്തിലും ഇംഗ്ലീഷിലും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രസിദ്ധീകരണങ്ങൾ മുരളി ടി.വിയുടെ ആനുകാലിക പ്രസക്തമായ രചനകളാൽ അലംകൃതമാണ്. ഇന്ത്യൻ എയർഫോഴ്സ് വെറ്ററനായ അദ്ദേഹം ദേശസ്നേഹവും സാഹോദര്യവും വളർത്തുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളിലൂടെ നമുക്ക് മാതൃക നല്കുന്നു.

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles