മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ കൂടല്ലൂർ സ്വദേശിയായ പോൾ ജോണ്‍ന്റെ അവയവങ്ങൾ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നീക്കം ചെയ്ത ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.സംസ്‌ക്കാരം യുകെയിൽ തന്നെ നടത്തുവാനാണ് കുടുംബാഗങ്ങളുടെ തീരുമാനം. ഓസ്ട്രേലിയ, ബാംഗ്ലൂർ, സിംഗപ്പൂർ എന്നിവിടങ്ങളിലുള്ള പോളിന്റെ സഹോദരങ്ങൾ എത്തിയതിന് ശേഷമാകും സംസ്‌ക്കാരം നടക്കുക. നാട്ടിൽ കൂടലൂർ ആണ് സ്വദേശം എങ്കിലും പോൾ ജനിച്ചതും വളർന്നതും എല്ലാം മദ്രാസിൽ ആയിരുന്നു. മാഞ്ചസ്റ്റർ എയർപോർട്ടിലെ സ്‌കൈ ഷെഫ് എന്ന കമ്പനിയിൽ ആയിരുന്നു പോൾ ജോലി ചെയ്തു വന്നിരുന്നത്. ഭാര്യ മിനി വിഥിൻഷോ ആശുപത്രിയിൽ എൻഡോസ്‌കോപ്പി വിഭാഗത്തിൽ നഴ്സാണ്.
മകളെ സ്‌കൂളിൽ നിന്നും ക്വയർ പ്രാക്ടീസ് കഴിഞ്ഞ് വിളിച്ചു കൊണ്ടു വരുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയവേ ആണ് പോള്‍ മരണത്തിനു കീഴടങ്ങിയത്.പത്തു വയസുകാരിയായ മകൾ ആഞ്ചലയ്ക്കും റോഡ് ക്രോസ് ചെയ്ത് വന്നിരുന്ന ഒരു സ്ത്രീക്കും കുഞ്ഞിനും കൂടി അപകടത്തിൽ പരിക്കേറ്റിരുന്നു. കാറിടിച്ചു തലയ്‌ക്കേറ്റ മാരകമായ മുറിവ് മൂലം ആന്തരിക രക്തസ്രവം തടയാനാകാതെ വന്നതാണ് പോളിന്റെ മരണത്തിനു കാരണമായത് .തുടര്‍ന്ന്  ഇന്നലെ രാവിലെ മസ്തിഷ്‌ക മരണം സംബന്ധിച്ച് ഡോക്ടമാർ സൂചന നൽകുകയും വൈകുന്നേരം അഞ്ചു മണിയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.മൂത്ത മകൾ കിമ്പർലി മാഞ്ചസ്റ്റർ വാലി റേഞ്ച് സ്‌കൂളിൽ എട്ടാം ക്ലാസ്സിലും, ഇളയ മകൾ ആഞ്ചല സെന്റ് ജോൺസ് സ്‌കൂളിൽ അഞ്ചാം ക്ലാസ്സിലും ആണ് പഠിക്കുന്നത് .ഇളയ മകളെ ക്വയർ പ്രാക്ടീസിന് ശേഷം സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ എതിരെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കേറ്റ ആഞ്ചല ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് .

ഇന്നലെ രാത്രി തന്നെ പോളിന്റെ ശരീരത്തില്‍ നിന്നും  അവയവമാറ്റ ശാസ്ത്രക്രിയകൾ നടന്നു. അവയവങ്ങൾ ആർക്കൊക്കെയാണ് പുതുജീവൻ നൽകുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. മരണം സ്ഥിരീകരിച്ച ശേഷം വിവരം അറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് മലയാളികളാണ് ഇന്നലെ സാൽഫോർഡ് റോയൽ ഹോസ്പിറ്റലിൽ തടിച്ചുകൂടിയത്. മാത്രമല്ല, സെന്റ് ജോൺസ് പള്ളിയിൽ പരേതന്റെ ആത്മാവിന് വേണ്ടി നടത്തിയ പ്രാർത്ഥനയിൽ ഒത്തുകൂടിയത് അനേകം പേരാണ്.