ലണ്ടന്‍: ഡൗണിംഗ് സ്ട്രീറ്റില്‍ സ്‌ഫോടനം നടത്താനും പ്രധാനമന്ത്രിയെ കൊലപ്പെടുത്താനും ഗൂഢാലോചന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞയാഴ്ച ലണ്ടനിലും ബര്‍മിംഗ്ഹാമിലും നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ബാഗുകളില്‍ ഒളിച്ചു കടത്തുന്ന ബോംബ് ഉപയോഗിച്ച് ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റുകള്‍ തകര്‍ക്കാനും തെരേസ മേയെ കത്തി ഉപയോഗിച്ച് ആക്രമിക്കാനുമായിരുന്നു ഇവര്‍ പദ്ധതിയിട്ടചതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിശദീകരിക്കുന്നത്. പിടിയിലായവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി ഇന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

എംഐ5 തലവന്‍ ആന്‍ഡ്രൂ പാര്‍ക്കര്‍ ആണ് ഇക്കാര്യം ഇന്നലെ ക്യാബിനറ്റിനെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 9 ഭീകരാക്രമണ പദ്ധതികള്‍ പരാജയപ്പെടുത്തിയതായും പാര്‍ക്കര്‍ മന്തിസഭയെ അറിയിച്ചു. ലണ്ടനില്‍ നിന്നുള്ള നയിമുര്‍ സഖറിയ റഹ്മാന്‍ എന്ന 20കാരനും ബര്‍മിംഗ്ഹാമില്‍ നിന്നുള്ള മുഹമ്മദ് അക്വിബ് ഇമ്രാന്‍ എന്ന 21 കാരനുമാണ് പിടിയിലായതെന്ന് മെട്രോപോളിറ്റന്‍ പോലീസും അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനാണോ ഇവര്‍ പിടിയിലായതെന്ന കാര്യം സ്ഥിരീകരിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വക്താവ് വിസമ്മതിച്ചു.

മെയ് മാസത്തില്‍ മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന ചാവേര്‍ ആക്രമണം തടയുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍ എന്നതാണ് ശ്രദ്ധേയം. മാഞ്ചസ്റ്ററില്‍ ആക്രമണം നടത്തിയ സല്‍മാന്‍ അബേദി എംഐ 5ന്റെ നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും ആക്രമണം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്ന ആരോപണമാണ് ഉയരുന്നത്.