ചെന്നൈയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ പൊലീസുകാരിയെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ. മോഷണം കണ്ടെത്തിയ കടയുടമ ഇവരിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ തിരികെ വാങ്ങി. ഇതിന് പിന്നാലെ ഇവരെക്കൊണ്ട് മാപ്പ് അപേക്ഷ എഴുതിക്കുകയും ചെയ്തു. എന്നാൽ കടയുടമ മോഷണം പൊക്കിയതിന്റെ പ്രതികാരമായി ഇവർ ഭർത്താവിനെയും കുറെയാളുകളെയും കൂട്ടി വന്ന് കട തല്ലിതകർത്തു. മോഷണം കണ്ടെത്തിയ കടയിലെ ജീവനക്കാരനെയും തല്ലിച്ചതച്ചു.

നന്ദിനി എന്ന കോണ്‍സ്റ്റബിളിനെയാണ് കയ്യോടെ പിടികൂടിയത്. ഔദ്യോഗിക വേഷത്തിൽ കടയിലെത്തിയ നന്ദിനി ഫോണിൽ സംസാരിച്ചുകൊണ്ട് റാക്കിൽ നിന്ന് ചോക്ലേറ്റും, കൊതുക് തിരിയുമാണ് മോഷ്ടിച്ചത്. ഇത് എടുത്തിട്ട് സാവധാനത്തിൽ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കടയിൽ സിസിടിവി ഉള്ള കാര്യം കോൺസ്റ്റബിൾ അറിഞ്ഞിരുന്നില്ല. കടയിലെ ജീവനക്കാരൻ ഈ ദൃശ്യം കാണുകയും ഉടമയെ അറിയിക്കുകയും ചെയ്തു. ഇതോടെ നന്ദിനിയെ ഉടമ പിടികൂടുകയായിരുന്നു. 115 രൂപയുടെ സാധനങ്ങളാണ് ഇവർ കട്ടെടുത്തത്.

തെളിവുകളോടെ പിടികൂടിയപ്പോൾ അവർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഉടമ പറഞ്ഞതനുസരിച്ച് മാപ്പ് അപേക്ഷയും എഴുതി നൽകി. പിന്നീട് വീട്ടിലെത്തിയിട്ടാണ് ഇവർ ഭർത്താവിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. ഇത് കടയുടമ പൊലീസിൽ പരാതിപ്പെട്ടു. സംഭവം വിവാദമായതോടെ നന്ദിനിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മോഷണം നടത്തിയതായി കണ്ടെത്തിയ നന്ദിനിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.