ലണ്ടന്‍: ഭവനഭേദനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് നടത്തുന്ന കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ക്രോസ് ചെക്കിംഗ് ഇരയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പോലീസ് ഫെഡറേഷന്‍ മേധാവിയുടെ മുന്നറിയിപ്പ്. ഇത് ജനങ്ങളെ ഒറ്റപ്പെട്ട അവസ്ഥയിലാക്കുന്ന നടപടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങള്‍ക്ക് പോലീസിന് മേല്‍ നിലവില്‍ വിശ്വാസമുണ്ട്. അതാണ് കാര്യങ്ങളെ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത്തരമൊരു കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍ വന്നാല്‍ പോലീസുമായുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്നും പോലീസ് ഫെഡറേഷന്റെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനായ ജോണ്‍ ആപ്റ്റര്‍ ചൂണ്ടി കാണിക്കുന്നു.

നോര്‍ഫോക്ക് കോണ്‍സ്റ്റബളറി എന്ന് പേരിട്ടിരുന്ന കമ്പ്യൂട്ടര്‍ സിസ്റ്റമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ പോലീസ് ഉപയോഗിക്കുന്നത്. ഭവനഭേതനം റിപ്പോര്‍ട്ട് ചെയ്താല്‍ അവ അന്വേഷിക്കുന്നതില്‍ എന്തെങ്കിലും ഗുണകരമായി വസ്തുതയുണ്ടോയെന്നായിരിക്കും ഈ കമ്പ്യൂട്ടര്‍ അല്‍ഗോരിതം പരിശോധിക്കുക. സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍, ഫിംഗര്‍ പ്രിന്റ് തുടങ്ങിയ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. എതൊക്കെ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടത്, കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ സഹായിക്കാന്‍ ഈ സിസ്റ്റത്തിന് കഴിയും. കൂടാതെ ബജറ്റില്‍ വലിയ ലാഭമുണ്ടാക്കാനും പുതിയ സിസ്റ്റം സഹായിക്കുന്നു.

ഭവനഭേദനം എന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പോലീസിന്റെ സഹായം തേടുന്ന ഇരകള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥരെ കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് ജോണ്‍ ആപ്റ്റര്‍ പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് ടെക്‌നോളജികള്‍ ഉപയോഗിച്ച് കേസന്വേഷണം നടത്തുന്നതിന് എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ഞാന്‍ എന്നാല്‍ ഇരയുടെ മനോനിലയെ മാനിച്ചുകൊണ്ട് ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള അവസരം ഒരുക്കേണ്ടത് വളരെ പ്രധാനപ്പെട്ട വസ്തുതയാണെന്നും ആപ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.