ലണ്ടന്‍: യുകെയിലെ പോലീസ് സേനകള്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തല്‍. ഒമ്പതില്‍ ഒരു സംഭവം വീതം പോലീസ് സേനകള്‍ കൈകാര്യം ചെയ്യുന്നില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട 25 ശതമാനത്തോളം ഫോണ്‍കോളുകള്‍ക്ക് പ്രതികരണമില്ലാതെ പോകുന്നുവെന്നും വ്യക്തമാക്കപ്പെടുന്നു. ഇത്തരം സംഭവഭങ്ങള്‍ ഒാഫീസര്‍മാര്‍ പരിഗണിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംഭവങ്ങള്‍ 2012നും 2016നുമിടയില്‍ ഇരട്ടിയായിട്ടുണ്ട്.

എന്നാല്‍ ഗാര്‍ഹിക പീഡനം സംബന്ധിച്ചുള്ള പരാതികളുടെയും അറിയിപ്പുകളുടെയും എണ്ണം 5 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയരുകയും ചെയ്തു. ഇംഗ്ലണ്ടിലെ പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 390686 സംഭവങ്ങള്‍ പോലീസ് ഇടപെടല്‍ ഇല്ലാതെ വന്നിട്ടുണ്ട്. പിന്നീട് കുറ്റകൃത്യങ്ങളെന്ന് വിധിയെഴുതിയ 32,007 സംഭവങ്ങളില്‍ പോലീസ് എത്തിച്ചേരാന്‍ 24 മണിക്കൂര്‍ വരെ വൈകിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

15 മിനിറ്റില്‍ പോലീസ് എത്തിച്ചേര്‍ന്ന സംഭവങ്ങള്‍ വളരെ ചെറിയ ശതമാനം മാത്രമേയുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ പോലീസ് എത്തിയ സംഭവങ്ങള്‍ 2012ല്‍ 47 ശതമാനമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 37 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ 38 പോലീസ് സേനകളില്‍ 19 എണ്ണം മാത്രമാണ് വിവരങ്ങള്‍ കൈമാറിയത്.