സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി പോലീസ് മേധാവികള്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാളില്‍ സംശയം തോന്നിയാല്‍ പരിശോധന നടത്താന്‍ നിര്‍ണ്ണയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എടുത്തു കളയണമെന്നാണ് പോലീസ് ചീഫുമാര്‍ ആവശ്യപ്പെടുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് ഈ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ ഉപദേഷ്ടാക്കളുമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പോലീസിനു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കിയാല്‍ അത് വംശീയ ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ പോലീസിനുള്ള വിവേചനം, പൗരാവകാശങ്ങള്‍, കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത്തരം പരിശോധനകള്‍ക്കാകുമോ തുടങ്ങിയ വിഷയങ്ങൡ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും.

ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിളും നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലില്‍ സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വിഷയത്തിലെ ചുമതലക്കാരനുമായ ഏഡ്രിയന്‍ ഹാന്‍സ്റ്റോക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലും വെയില്‍സിലും നടപ്പാക്കുന്നതിനായാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കത്തി പോലെയുള്ള ആയുധങ്ങളുമായി പിടിക്കപ്പെടുന്നവരെ കോടതികളില്‍ വിചാരണയ്ക്ക് വിധേയരാക്കാതെ അവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിനൊപ്പം ആവിഷ്‌കരിച്ചിട്ടുള്ളത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ട് അനേകം പേരാണ് പോലീസ് മേധാവിമാരെ വിളിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനായുള്ള നിബന്ധനകള്‍ കടുത്തതാണ്. എന്തുകൊണ്ടാണ് ഒരാളില്‍ പരിശോധന നടത്താന്‍ തോന്നിയത് തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തേണ്ടി വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നിര്‍ദേശം വിവാദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കത്തിയാക്രമണങ്ങള്‍ വ്യപകമാകുന്ന ലണ്ടനിലും മറ്റും സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനായുള്ള മുറവിളികള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. വെളുത്ത വര്‍ഗ്ഗക്കാരേക്കാള്‍ കറുത്ത വര്‍ഗ്ഗക്കാരെ പരിശോധയ്ക്ക് വിധേയമാക്കുന്നതിനാലാണ് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വിവാദമായത്. പോലീസ് സേനകളില്‍ വെളുത്തവര്‍ഗ്ഗക്കാര്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യമെന്നത് വിവാദത്തിന് വളമാകുകയും ചെയ്യുന്നു. പരിശോധനയ്ക്ക് വിധേയരാകുന്ന കറുത്ത വര്‍ഗ്ഗക്കാരില്‍ വലിയ ഭൂരിപക്ഷവും നിരപരാധികളാണെന്ന് ബോധ്യമാകുകയും ചെയ്യാറുണ്ട്. പോലീസിന്റെ വംശീയ വിവേചനമാണ് ഇതിലൂടെ പുറത്തു വരുന്നതെന്ന വിമര്‍ശനമാണ് ഇതിനെതിരെ പൊതുവായി ഉയരുന്നത്.