സ്‍പാനിഷ് ഫുട്‍ബോള്‍ താരം ജോസ് അന്റോണിയോ റെയേസ് കാറപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലില്‍ നിന്നും കായികലോകം ഇതുവരെ മോചിതമായിട്ടില്ല. അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ വേഗത എത്രയാണെന്ന് അറിയുമ്പോവാണ് ഞെട്ടുക. മണിക്കൂറില്‍ 237 കിലോമീറ്റര്‍

ശനിയാഴ്ച്ച രാവിലെ സ്പെയിലെ സെവില്ലേയ്ക്ക് അടുത്തായിരുന്നു അപകടം. ഉത്രേരയ്ക്കും സെവില്ലേയ്ക്കും ഇടയില്‍ വച്ച് റെയേസ് സഞ്ചരിച്ചിരുന്ന മേഴ്‍സിഡസ് ബാര്‍ബസ് കാര്‍ മറിയുകയായിരുന്നു. അമിതവേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ അകലെയുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് തീ പിടിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെയേസിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ബന്ധുവായ 23കാരനും മരിച്ചിരുന്നു. ആഴ്സണലിന്റേയും റയല്‍ മാഡ്രിഡിന്റേയും മുന്‍ താരമാണ് ജോസ് അന്റോണിയോ റെയേസ്.