വീണ്ടും കസ്റ്റഡി മരണം, യുവാവ് കൊല്ലപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍

വീണ്ടും കസ്റ്റഡി മരണം, യുവാവ് കൊല്ലപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍
May 14 11:29 2018 Print This Article

കണ്ണൂര്‍: പോലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. എടക്കാട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഉനൈസ് ആണ് മരിച്ചത്. ഭാര്യ പിതാവിന്റെ പരാതിയില്‍ ഫെബ്രുവരി 21ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് 24ന് അവശനിലയില്‍ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് മര്‍ദ്ദനമേറ്റതായി ആശുപത്രി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ പെടുന്ന സ്ഥലത്താണ് കസ്റ്റഡി മരണം നടന്നിരിക്കുന്നത്. ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ഉനൈസിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ലീഗല്‍ കേസായാണ് ആശുപത്രി അധികൃതര്‍ പരിഗണിച്ചിരുന്നത്. ഇതുപ്രകാരം നാലു ദിവസത്തിനകം പോലീസ് ആശുപത്രിയില്‍ എത്തി കേസ് പരിഗണിക്കണം എന്നാണ് നിയമം.

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷവും രണ്ടു മാസത്തോളം കിടപ്പിലായിരുന്നു ഉനൈസ്. മേയ് രണ്ടിനാണ് ഉനൈസ് വീട്ടില്‍വച്ച് മരണമടഞ്ഞത്. ഉനൈസിന്റെത് അസ്വഭാവിക മരണമാണെന്ന് കാണിച്ച് മാതാവ് സക്കീന പരാതി നല്‍കിയെങ്കിലും പോലീസ് തിരിഞ്ഞുനോക്കിയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന മറുപടിയാണ് പോലീസ് നല്‍കിയത്. ഇതിനിടെ, തനിക്ക് ക്രൂരമര്‍ദ്ദനമേറ്റു എന്ന് കാണിച്ച് ഉനൈസ് തന്നെ എഴുതിയ കത്തും വീട്ടുകാര്‍ക്ക് ലഭിച്ചു. എസ്.പിക്കാണ് കത്ത് എഴുതിയിരിക്കുന്നത്.

തലശേരിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയിട്ടും ഉനൈസിന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വരുന്ന അവസ്ഥയായിരുന്നു. ഏഴ് പോലീസുകാരും എസ്.ഐയും ചേര്‍ന്നാണ് ഉനൈസിനെ മര്‍ദ്ദിച്ചതെന്നും സഹോദരന്‍ പറയുന്നു. നിര്‍ധന കുടുംബമാണ് ഇവരുടേത്. ഉനൈസ് മരിച്ചതോടെ കുടുംബം അനാഥമായി.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles