സ്വന്തം ലേഖകന്‍

കൊച്ചി : കേരള പോലീസിന് അഭിമാനമായ ഒരു പൊലീസ്സുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . കേരളം കൊടുംങ്കാറ്റിലും , പേമാരിയിലും , കടല്‍ ക്ഷോഭത്തിലും പെട്ട് ഉഴലുന്ന അവസരത്തില്‍ ഈ പോലീസ് ഉദ്യോഗസ്ഥനെപ്പറ്റിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത്  ആഞ്ഞടിക്കുമ്പോള്‍ പ്രതിരോധത്തിനായി കേരള പോലീസ് സുസ്സജ്ജമാണ്. പ്രകൃതിക്ഷോഭത്തെ നിയന്ത്രിക്കാനാവില്ലെങ്കിലും സാധാരണക്കാരില്‍ അതുണ്ടാക്കുന്ന ആഘാതത്തെ ചെറുക്കാനുള്ള കഠിന പരിശ്രമം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു.

അത്തരം ഒരു പോലീസുകാരന്റെ കാഴ്ച്ചയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. കൊച്ചി ചെല്ലാനത്ത് വീടുകളിലേക്ക് കടലിരച്ച് കയറിയപ്പോള്‍ ഒറ്റപ്പെട്ട് പോയ വൃദ്ധനെ തന്റെ ജീവന്‍ പണയംവച്ച് പോലീസുകാന്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങിയാല്‍ വൃദ്ധന്റെ ജീവന്‍ അപകടത്തിലാകുമെന്ന് മനസിലാക്കിയ പോലീസുകാരന്‍ അദ്ദേഹത്തെ തന്റെ പുറത്ത് കയറ്റി കൊണ്ടുപോവുകയായിരുന്നു. പോലീസ്സുകാരന്റെ സഹായവാഗ്ദാനം നിരസിച്ച വൃദ്ധനെ കാര്യങ്ങളുടെ ഗൗരവം മനസിലാക്കികൊടുത്തശേഷമാണ് പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷിക്കുന്നത്.

നമ്മുടെ പോലീസുകാരെ കുറ്റം പറയാനും അവരുടെ അനാസ്ഥയെപ്പറ്റി പറയാനും ഇവിടെ എല്ലാവരുമുണ്ട്. എന്നാൽ സ്വന്തം ജീവൻ പോലും പണയം വെച്ച് ആപത്തിൽ പെടുന്നവരെ സഹായിക്കാൻ അവർ കാണിക്കുന്ന മനസ്സ് ആരും കാണുന്നില്ല എന്നതാണ് സത്യം. ഇത് എല്ലാവരും കാണണം… ആ പോലീസുകാരന് ഒരു ബിഗ് സല്യൂട്ട്. ഇതുപോലെയുള്ള പോലീസ്സുകാരാണ് നാടിനാവശ്യാം.