എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന സെന്റ് അൽഫോൺസ ബസ്സിൽ ഡ്രൈവിംഗ് സീറ്റിൽ പൊലീസ് വേഷമിട്ട ഉദ്യോഗസ്ഥനെ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. ഇതോടെയാണ് ഒരു നാട് മുഴുവൻ പൊലീസിനെന്താ സ്വകാര്യ ബസിന്റെ ഡ്രൈവിങ്സീ​റ്റിൽ കാര്യം എന്നു ചോദിച്ചത്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ മനു കെ.തോമസ് എന്ന ഉദ്യോഗസ്ഥനും ഹിറ്റ്.

സംഭവം ഇങ്ങനെ;

കഴിഞ്ഞ മാസം 29നാണു സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമനുസരിച്ച് റോഡിൽ പ്രത്യേക പരിശോധന. മരങ്ങാട്ടുപിള്ളിയിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തത് ചെത്തിമറ്റമായിരുന്നു.

എറണാകുളം–പാലാ–എഴുമറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൻസ ബസ് എത്തിയപ്പോൾ ഡ്രൈവറെ പരിശോധിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലെ ഡ്രൈവർ മദ്യ ലഹരിയിൽ. യാത്രക്കാരുടെ സുരക്ഷ നോക്കാതെ ലഹരിയിലായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ബസിലെ യാത്രക്കാർ എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് മനു കെ.തോമസ് ബസ് ഓടിക്കാൻ മുന്നോട്ടുവന്നത്.

ചെത്തിമറ്റം മുതൽ പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് വരെ സുരക്ഷിതമായി ബസ് ഓടിച്ചു. ഇടയ്ക്ക് യാത്രക്കാരെ ഇറക്കി. കൊട്ടാരമറ്റം സ്റ്റാൻഡിൽ എല്ലാവരെയും ഇറക്കിയ ശേഷം ബസുമായി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്ക്. ഡ്രൈവിങ് സീറ്റിൽ പൊലീസുകാരനെ കണ്ട നാട്ടുകാർക്ക് വിസ്മയം. ഉഴവൂർ കുന്നുംപുറത്ത് മനു കെ.തോമസ് 2003 ൽ സേനയിൽ ചേരുന്നതിനു മുൻപ് ഡ്രൈവറായിരുന്നു. ലോറിയും ബസും ഓടിച്ചിട്ടുണ്ട്. പൊലീസ് ക്യാംപിലെ ആദ്യ ദിനങ്ങളിൽ ഔദ്യോഗിക വാഹനവും ഓടിച്ചു.