അണക്കെട്ടുകൾ തുറന്ന് പുഴയിൽ വെള്ളം നിറഞ്ഞതോടെ ആലുവയിൽ കാഴ്ച കാണാനും സെൽഫിയെടുക്കാനും തിരക്ക്. ഇതോടെ ആലുവ മാര്‍ത്താണ്ഡവർമ്മ പാലത്തിൽ പൊലീസ് കർ‌ട്ടനിട്ടു.

പെരിയാർ നിറഞ്ഞൊഴുകുന്ന കാഴ്ച കാണാൻ ഇതുവഴി പോകുന്ന യാത്രക്കാര്‍ വാഹനങ്ങൾ നിർത്തിയിട്ട് സെൽഫിയെടുക്കാനും ചിത്രങ്ങളെടുക്കാനും തുടങ്ങിയതോടെ ഈ ഭാഗത്ത് വലിയ ഗതാഗതതടയസ്സമുണ്ടായിരുന്നു. ദേശീയ പാതയിൽ ഗതാഗതസ്തംഭനമുണ്ടായതോടെ ആലുവ ട്രാഫിക് എസ്ഐ മുഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ കർട്ടൻ വലിച്ചുകെട്ടാൻ തീരുമാനിക്കുകയായിരുന്നു.

റോട്ടിൽ നിന്ന് പുഴയിലേക്കുള്ള കാഴ്ചമറയ്ക്കുന്ന തരത്തിൽ പാലത്തിലാണ് കർട്ടൻ വലിച്ചുകെട്ടിയിരിക്കുന്നത്. ഇപ്പോൾ റോഡിൽ നിന്ന് നോക്കിയാൽ പുഴ കാണാൻ സാധിക്കില്ല.

ഇടമലയാറും ഇടുക്കിയും തുറന്നതോടെ പെരിയാർ കരകവിഞ്ഞൊഴുകുന്നു. ഇതോടെ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പറവൂർ മേഖലയെയാണ് വെള്ളക്കെട്ട് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഇവിടെയാണ് ഏറ്റവുമധികം ദുരിതാശ്വാസക്യാംപുകളും തുറന്നിരിക്കുന്നത്.

പെരിയാറിന് കുറുകെയുള്ള ആലുവ, കുന്നത്തുനാട്, കളമശേരി, ചെങ്ങൽ മേഖലകളിലും വെള്ളപ്പൊക്കമുണ്ട്. ആലുവയിൽ രണ്ട് ക്യാംപുകൾ കൂടി തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം പെരിയാറിൽ ചെളിയുടെ അളവ് ക്രമാതീതമായി വർധിച്ചതിനെത്തുടർന്ന് കൊച്ചി കോർപറേഷൻ പ്രദേശത്ത് വെള്ളം എത്തിക്കുന്ന രണ്ട് പമ്പ് ഹൗസുകളിൽ ഒന്നിന്റെ പ്രവർത്തനം നിർത്തി. പുഴവെള്ളത്തിൽ ചെളി 400 എൻടിയു (നെഫ്ലോമാറ്റിക് ടർബിഡിറ്റി യൂണിറ്റ്) വരെയുയർന്നു. സമീപകാലചരിത്രത്തില്‍ ആദ്യമായാണിങ്ങനെ.

ചെളി കുറഞ്ഞില്ലെങ്കിൽ രണ്ട് പമ്പ് ഹൗസുകളുടെ പ്രവർത്തനവും നിർത്തേണ്ടിവരും. അല്ലെങ്കിൽ വാട്ടർ ബെഡുകളും മോട്ടോറുകളും തകരാറിലാകും.