ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ലണ്ടൻ :- കെനിയൻ വിമാനത്തിൽ നിന്നും ലണ്ടൻ നഗരത്തിലെ ഒരു പൂന്തോട്ടത്തിലേക്ക് നിലം പതിച്ച മൃതദേഹം തിരിച്ചറിയാനായുള്ള ശ്രമങ്ങൾ പോലീസ് തുടരുന്നു. മുപ്പതോളം വയസ്സ് ആണ് മൃതദേഹത്തിന് പ്രായം തോന്നിക്കുന്നത്. ഹെയ്ത്രോ വിമാനത്താവളത്തിലേക്ക് പോയ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ട്മെന്റിൽ നിന്നുമാണ് അദ്ദേഹം വീണത് എന്നാണ് നിഗമനം. തിരിച്ചറിയുന്നതിനായി കമ്പ്യൂട്ടർ നിർമ്മിതമായ ഒരു ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കെനിയൻ സ്വദേശി ആണ് എന്നാണ് നിഗമനം എങ്കിലും, ഉറപ്പിച്ചിട്ടില്ല.

പ്ലെയിൻ ലാൻഡ് ചെയ്തപ്പോൾ ലഭിച്ച ഒരു ബാഗിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ബാഗിൽ നിന്നും കെനിയൻ കറൻസി ലഭിച്ചു എന്ന് പോലീസ് വൃത്തങ്ങൾ രേഖപ്പെടുത്തി. എന്നാൽ ഇതുവരെയും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതിനാൽ കുടുംബാംഗങ്ങളെ പോലും വിവരമറിയിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് അധികൃതർ .

കെനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും, കൃത്യമായ വിവരം ഒന്നും തന്നെ അവർക്കും ലഭിച്ചിട്ടില്ലയെന്നു ഡിറ്റക്ടീവ് സെർജൻറ് പോൾ ഗ്രീവ്സ് അറിയിച്ചു. എന്നാൽ മരണത്തെപ്പറ്റി ഇതുവരെ ദുരൂഹത ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളിൽ നിന്നും പോലീസ് സഹായം തേടിയിട്ടുണ്ട്., കെനിയയിലെ നെയ്‌റോബിയിൽ നിന്നും ഹയ്ത്രോവിലേക്കുള്ള വിമാനത്തിൽ നിന്നും ആണ് അദ്ദേഹം വീണത് എന്നാണ് ഇതുവരെയുള്ള നിഗമനം.നൈറോബി എയർപോർട്ടിലെ ജീവനക്കാരനാണെന്ന സംശയവും ഉയർന്നു വന്നിട്ടുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.