ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് മരിക്കാന്‍ പോകുകയാണെന്ന് ആത്മഹത്യകുറിപ്പെഴുതിവെച്ച് മുങ്ങിയ യുവതിയെ കാമുകന്റെയൊപ്പം കയ്യോടെ പൊക്കി. ഒരു മാസം മുമ്പാണ് ഒഞ്ചിയത്തുനിന്ന് 32 വയസുള്ള പ്രവീണയെ കാണാതായത്. ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പുടമ വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദിനെയും ഇതേ കടയിലെ ജീവനക്കാരി ഒഞ്ചിയം മനയ്ക്കല്‍ പ്രവീണയെയും പൊലീസ് കുടുക്കിയത് സമര്‍ത്ഥമായ നീക്കത്തിനൊടുവിലാണ്.

മൊബൈല്‍ വിദഗ്ദനായ അംജാദ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കാമുകിയുമായി ഒളിവ് ജീവതം നടത്തിയത്. ഓണ്‍ലൈന്‍ ഇടപാടിലൂടെ പണവും ഉണ്ടാക്കി. അംജാദിനെ മൂന്നുമാസം മുമ്പും പ്രവീണയെ ഒരുമാസം മുമ്പുമാണ് കാണാതായത്. തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്.

കോഴിക്കോട് ജയില്‍ റോഡിലെ വാടകവീട്ടില്‍ താമസിച്ച് മൊബൈല്‍ അനുബന്ധ ഉപകരണങ്ങളുടെ ഓണ്‍ലൈണ്‍ ഇടപാട് നടത്തിവരുകയായിരുന്നു ഇവര്‍. പൊലീസ് എത്തിയതറിഞ്ഞ് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അംജാദിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ഐഡിയ മൊബൈല്‍ ഡീലറായ അംജാദ് നേരേത്തയുണ്ടായിരുന്ന സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച് വ്യാജ ഐ.ഡിയിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനാല്‍ ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പഴയ ഫോണ്‍ നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അംജാദ് നാട്ടിലെ ഒരാളെ വിളിച്ചിരുന്നു. ഇതാണ് പൊലീസിന് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.

തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് താമസ സ്ഥലം കണ്ടെത്തിയത്. താമസകേന്ദ്രത്തില്‍ ആരെങ്കിലും എത്തിപ്പെടുന്നുണ്ടോ എന്നറിയാന്‍ സി.സി.ടി.വി സ്ഥാപിച്ച് കമ്പ്യൂട്ടറിലും മൊബൈലിലും ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനവും ഒരുക്കിയിരുന്നു. വീട്ടിനുള്ളില്‍ കയറി ഇവരെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയ പൊലീസ് രഹസ്യനീക്കത്തിലൂടെ ഇരുവരെയും കീഴടക്കുകയായിരുന്നു.

സെപ്റ്റംബര്‍ 11 മുതലാണ് അംജാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. പിന്നീട് കടയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തിയത് ജീവനക്കാരിയായ പ്രവീണയായിരുന്നു. അന്ന്, പൊലീസ് പ്രവീണയെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നവംബര്‍ 13 മുതല്‍ പ്രവീണയെയും കാണാതായി. സ്‌കൂട്ടറില്‍ വടകര സാന്‍ഡ് ബാങ്ക്‌സിലെത്തിയ പ്രവീണ ബാഗില്‍ അത്മഹത്യക്കുറിപ്പെഴുതി വെച്ച് മുങ്ങുകയായിരുന്നു. ഇവര്‍ ഒരാളുടെ ബൈക്കില്‍ പോയതായി നാട്ടുകാര്‍ നേരേത്ത പൊലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രണയം മൂത്തായിരുന്നു പ്രവീണ കാമുകനൊപ്പം പോയത്. ആരും തിരക്കി വരാതിരിക്കാനായിരുന്നു ആത്മഹത്യക്കുറിപ്പ്. വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതായത്. രാത്രി ഏറെ വൈകീട്ടും ഇവര്‍ വീട്ടില്‍തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പ്രവീണയുടെ അച്ഛന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇവരെ കണ്ടെത്താനായി തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയ്ക്കാണ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഇവരുടെ സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തുന്നത്.

സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദ്. ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങി വടകരയിലെത്തി. തുടര്‍ന്ന് സാധനങ്ങള്‍ സ്വന്തം കാറില്‍ കയറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് അംജാദിനെ കാണാതായത്. രാത്രി വൈകീയും അംജാദ് വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കള്‍ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. എന്നാല്‍ അംജാദിന്റെ കാര്‍ വടകര ബസ് സ്റ്റാന്റിന് സമീപത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറ് വിശദമായി പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും അതുകൊണ്ടും കാര്യമായ ഗുണമെന്നും ഉണ്ടായില്ല.

തലശേരി ചൊക്ലി സ്വദേശിനിയാണ് പ്രവീണ. ഓര്‍ക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ച് അയച്ചത്. ഭര്‍ത്താവ് ഷാജി കുവൈറ്റില്‍ ജോലിചെയ്തു വരികയാണ്. ഏഴു വയസുള്ള ഒരു മകളും ഉണ്ട്. മകളെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ജീവിക്കാനായി പ്രവീണ ഒളിച്ചോടിയത്.