ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന വിവാദങ്ങൾക്കിടയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. ലണ്ടൻ മേയർ ആയിരുന്ന സമയത്ത് തന്റെ സ്ഥാനം അദ്ദേഹം ദുരുപയോഗം ചെയ്ത് ബിസിനസുകാരിയായ ജെന്നിഫർ അർക്യൂറിയെ നിയമവിരുദ്ധമായി സഹായിച്ചു എന്നതാണ് പോലീസ് നിഗമനം. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ജോൺസൺ പ്രതികരിച്ചു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ബോറിസ് ജോൺസനും, ടെക്നോളജി സംരംഭക ആയ ജെന്നിഫറും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. അതിനാൽ തന്റെ മേയർ സ്ഥാനം ദുരുപയോഗം ചെയ്ത് അദ്ദേഹം ജെന്നിഫറിനെ വഴിവിട്ട് സഹായിച്ചതായാണ് ആരോപണം. ജോൺസൺ മേയറായിരുന്ന സമയത്ത് ജെന്നിഫർ പല വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നും, ഇതിനായുള്ള പല സ്പോൺസർഷിപ്പ് ഗ്രാൻഡുകളും ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം നടത്തിയ ഗ്രേറ്റർ ലണ്ടൻ അതോറിറ്റി പോലീസ് അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

എന്നാൽ ഈ കാര്യത്തിൽ ജോൺസന്റെ പൂർണമായ ഉൾപ്പെടൽ ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ എല്ലാം നിയമപരമായും സത്യസന്ധമായും ആണ് താൻ പ്രവർത്തിച്ചിരുന്നത് എന്ന് ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ വിവാദം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമല്ലെന്നും ഗ്രേറ്റർ ലണ്ടൻ അതോറിറ്റി സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടതാണെന്നും ഷാഡോ ചാൻസലർ ജോൺ മക്ഡൊനാൽ ആരോപിച്ചു. ജെന്നിഫർ ബോറിസ് ജോൺസനുമൊത്ത് പല വിദേശയാത്രകളും നടത്തിയിട്ടുണ്ട് എന്നും ആരോപണമുണ്ട്. താൻ ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉറപ്പുനൽകി.