പൊലീസിന്റെ അനാസ്ഥ കാരണം ഏറെ വിവാദമായി മാറിയ എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ വീണ്ടും അന്വേഷണ സംഘത്തിന് വീഴ്ച്ച. കുറ്റപത്രം സമര്‍പ്പിക്കാത്ത പൊലീസ് നടപടിയെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഒന്നാം പ്രതിയായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60), രണ്ടാം പ്രതി കുട്ടിയുടെ മാതാവ് എന്നിവര്‍ക്കാണ് പൊലീസിന്റെ വീഴച്ച കാരണം മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യില്‍ നിന്നും ജാമ്യം ലഭിച്ചത്. ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഏപ്രില്‍ 18നാണ് തിയേറ്ററിനകത്ത് പത്തുവയസ്സുകാരി പീഡനത്തിനിരയായത്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം, ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈനു നല്‍കിയിരുന്നു. 26നു തന്നെ കേസെടുക്കാനുള്ള ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ് ലൈന്‍ പൊലീസിനു കൈമാറിയെങ്കിലും പോലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. സംഭവം വിവാദമായതിനു ശേഷമാണ് പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ കുറ്റപത്രം പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം സമര്‍പ്പിക്കുന്നതിനാണ് പൊലീസ് വീഴച്ച വരുത്തിയിരിക്കുന്നത്. ഇതു പാലിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. ഈ മാസം പത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ട് 90 ദിവസം തികഞ്ഞത്. പക്ഷേ കുറ്റപത്രം അന്നു സമര്‍പ്പിക്കാതെ കൂടുതല്‍ സമയം ചോദിച്ച് പ്രോസിക്യൂഷന്‍ കോടതിയെ 10 ാം തീയതി സമീപിച്ചു. ഇതേതുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജഡ്ജി അറിയിച്ചു. 13 ാം തീയതി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പക്ഷേ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു