ബിഷപ്പ് ഓക്‌ലാൻഡ്: ബിഷപ്പ് ഓക്‌ലാൻഡ്,  കേൾക്കുമ്പോൾ മലയാളികൾക്ക് അത്ര പരിചയം പോരെങ്കിലും ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് നോർത്ത് ഈസ്റ് ഇംഗ്ലണ്ടിൽ ഉള്ള ദർഹം കൗണ്ടിയിൽ ആണ്. ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിലെ അവരുടെ എല്ലാമായ പൂർണിമ നായർ (56) ആണ് ഇന്നലെ അവരെ വിട്ടുപിരിഞ്ഞിരിക്കുന്നത്. ബിഷപ് ഓക്‌ലാൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പരേത. ഇവർക്ക് ആരിൽ നിന്നാണ് വൈറസ് പകർന്നതെന്നു വ്യക്തമായിട്ടില്ല.

കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 20 ന് സ്റ്റോക്ക് ടണിലുള്ള നോർത്ത് ടീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട പൂർണിമ മാർച്ച് 27 മുതൽ ജീവൻ രക്ഷാ യന്ത്രങ്ങളുടെ സഹായത്തിലാണ് കഴിഞ്ഞു പോന്നിരുന്നത്. ഇന്നലെ ഉച്ച തിരിഞ്ഞു രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.

ബിഷപ്പ് ഓക്‌ലൻഡിൽ ഉള്ള പ്രദേശവാസികൾക്ക് പൂർണിമ ഒരു കൂട്ടുകാരിയും സഹപ്രവർത്തകയും ആയിരുന്നു. കൊറോണ വൈറസുമായി വളരെ നീണ്ട ഒരു യുദ്ധം തന്നെ നടത്തിയാണ് പൂർണിമ അവസാനം മരണത്തിലേക്ക് പോയതെന്ന് അവിടുത്തെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. അത്യഗാതമായ ദുഃഖത്തോടെയും വേദനയുടെയും കൂടെ ഞങ്ങളുടെ സ്നേഹനിധിയായ പൂർണിമയുടെ വിയോഗം നിങ്ങളെ ഞങ്ങൾ അറിയിക്കുന്നു എന്നാണ് ബിഷപ്പ് ഓക്‌ലൻഡിലെ ജിപി സർജറിയിൽ അവിടെയെത്തുന്നവക്കായി എഴുതി വച്ചിരിക്കുന്ന നോട്ടീസ്… പൂർണിമയുടെ വിയോഗം ഞങ്ങളിൽ തീവ്ര ദുഃഖവും ഞെട്ടലുമാണ് ഉണ്ടായിരിക്കുന്നത്… സഹപ്രവർത്തകരുടെ കുറിപ്പ്..

അതേസമയം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജി പി  അംഗമായ ഡോക്ടർ പ്രീതി ശുക്ല പറഞ്ഞത് പൂർണിമയുടെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ് എന്നും സ്നേഹനിധിയും ബഹുമാന്യയായ ഒരു സഹപ്രവർത്തകയെയും ആണ് നഷ്ട്ടപ്പെട്ടിരിക്കുന്നത് എന്നാണ്. അതേസമയം പൂർണ്ണിമയുടെ മരണം ഹൃദയഭേദകം എന്നാണ് സ്ഥലം എം പി യായ ദേഹന്ന ഡേവിസൺ പ്രതികരിച്ചത്.എന്നാൽ ഇന്നലെ മാത്രം മരിച്ചത് രണ്ട് ജി പി മാരാണ്. പൂർണിമ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് എസ്സ്ക്സിൽ ജിപി യായ ഡോക്ടർ കറാമത്തുള്ള മിർസ മരിക്കുന്നത്. പൂർണ്ണിമയുടെ മരണത്തോടെ കൊറോണ പിടിപെട്ട് മരിച്ച ജി പി മാരുടെ എണ്ണം പത്തായി ഉയർന്നു. മരിച്ച മലയാളികയുടെ എണ്ണം പതിമൂന്നും ആയി. ഈ മരണങ്ങളോടെ മൈനോറിറ്റി വിഭാഗത്തിൽ പെടുന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്കകൾ ഒരിക്കൽ കൂടി വർദ്ധിച്ചിരിക്കുന്നു. കാരണം ഇതുവരെ മരിച്ച പത്തു ജെപി മാരിൽ ഒൻപത് പേരും എത്തിനിക് മൈനോറിറ്റി (BAME) വിഭാഗത്തിൽപ്പെടുന്നവരാണ് എന്നത് തന്നെ.

പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെ അന്വോഷണത്തിന് ഉത്തരവിട്ടുണ്ടെങ്കിലും മൈനോറിറ്റി വിഭാഗത്തിൽ (BAME) പെടുന്ന പ്രായമായവരെ പാൻഡെമിക് സമയത്തു ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം വിഭാഗങ്ങളെ ജോലിയിൽ വിടുന്നതിന് മുൻപ് റിസ്‌ക് അസ്സെസ്സ്മെന്റ് വേണമെന്നും അവർ ഒരിക്കൽകൂടി ആവശ്യപ്പെട്ടിരിക്കുന്നു. എന്തായാലും യുകെയിലുള്ള പ്രവാസി മലയാളികൾ പ്രതേകിച്ച് നഴ്സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകർക്കും ഇത് മുൻകരുതലിനുള്ള ഒരു മുൻവിളിയായി കണക്കാക്കേണ്ടതാണ്….

യുകെയിലെ സന്ദർലാൻഡിനടുത്തുള്ള സ്റ്റോക്റ്റോൺ-ഓൺ-ടീസിൽ ആയിരുന്നു പരേതയും കുടുംബവും താമസിച്ചിരുന്നത്. പൂർണ്ണിമയുടെ ഭർത്താവായ ഡോക്ടർ ബാലാപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ആണ്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണ്ണിമയും കുടുംബവും താമസിച്ചിരുന്നത്. നാട്ടിൽ പത്തനംതിട്ട സ്വദേശിനിയാണ് പരേതയായ പൂർണിമ.