സ്വന്തം ലേഖകൻ

വത്തിക്കാൻ :- കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭയത്തിന് കീഴടങ്ങരുതെന്നും, ലോകരാജ്യങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. കൊറോണ ബാധയുടെ പശ്ചാതലത്തിൽ സെയിന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസസമൂഹം ഇല്ലാതെ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ കുർബാന അർപ്പിച്ചു. സാധാരണ ജനസാഗരം നിറഞ്ഞുനിൽക്കുന്ന സെന്റ് പീറ്റേഴ്സ് സ്ക്വയർ ഇന്നലെ ഏകാന്തതയുടെ പര്യായമായി മാറി. ലോകത്താകമാനമുള്ള 1.3 ബില്യൻ കത്തോലിക്ക വിശ്വാസികളുടെ സമൂഹത്തിനു മാർപാപ്പയുടെ കുർബാന ലൈവ് ആയി മാധ്യമങ്ങളിലൂടെ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും മറ്റും മാർപാപ്പ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. തങ്ങളുടെ ജീവൻ അപകടത്തിലാക്കിയും, ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിസ്സംഗത മനോഭാവവും, സ്വയം കേന്ദ്രീകൃതമായ മനോഭാവവും ഉപേക്ഷിച്ച് എല്ലാവരും എല്ലാവർക്കും വേണ്ടിയും പ്രവർത്തിക്കേണ്ട കാലഘട്ടമാണ് ഇത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് ഈ സാഹചര്യങ്ങൾ മൂലം മാറിയിരിക്കുന്നത്. തങ്ങളുടെ ഉറ്റവരെ അവസാനമായി ഒരുനോക്ക് കാണുവാൻ പോലും അവസരം ലഭിക്കാത്ത പലരും ലോകത്തിന്റെ പല ഭാഗത്തായി ഉണ്ട്. രാഷ്ട്രീയ പ്രവർത്തകരും, ഗവൺമെന്റുകളും എല്ലാം സ്വന്തം നന്മകൾ മറന്ന്, ജനങ്ങൾക്കുവേണ്ടി അടിയന്തര തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സാഹചര്യമാണ് ഇതെന്നും മാർപാപ്പ ഓർമിപ്പിച്ചു. യൂറോപ്പിൽ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു.

ലോകത്താകമാനമുള്ള ക്രിസ്തീയ സമൂഹം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ, സമൂഹ ആരാധനകൾ ഇല്ലാതെ ഈസ്റ്റർ ആഘോഷിച്ചു. ദേവാലയങ്ങളിൽ ആരാധന സമൂഹം ഇല്ലാതെ വൈദികർ ദിവ്യബലിയർപ്പിച്ചു. ജനങ്ങൾ ഒരിക്കലും ഭയത്തിന് കീഴടങ്ങരുത് എന്ന ആഹ്വാനമാണ് മാർപാപ്പ പങ്കുവെച്ചത്. ജനസാഗരങ്ങൾക്ക് മുൻപിൽ ഈസ്റ്റർ സന്ദേശം നൽകിയിരുന്ന മാർപാപ്പ, ഇന്നലെ ആളൊഴിഞ്ഞ ദേവാലയത്തിന് ഉള്ളിൽ സന്ദേശം നൽകി.