കത്തോലിക്കാ പുരോഹിതന്‍മാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ലൈംഗിക അടിമകളായി പോലും നിലനിർത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചു. കന്യാസ്ത്രീകള്‍ ഈ ക്രൂരതകള്‍ ഇപ്പോളും സഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൂഷണം കൂടിയ സാഹചര്യത്തില്‍ മുന്‍ പോപ്പായിരുന്നു ബെനഡിക്ട് മാര്‍പാപ്പ ഒരു സഭ തന്നെ പിരിച്ചുവിട്ടിട്ടുണ്ട്. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍.

‘വിമന്‍ ചര്‍ച്ച് വേള്‍ഡ്’ എന്ന വത്തിക്കാന്‍ മാഗസിന്റെ ഫെബ്രുവരി ആരംഭത്തില്‍ പുറത്തിറങ്ങിയ പ്രസിദ്ധീകരണത്തിലാണ് പുരോഹിതര്‍ കന്യാസ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുത പുറത്തുവന്നത്. കത്തോലിക്കാ പള്ളികളില്‍ ഏറെ കാലമായി തുടര്‍ന്നുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പുരോഹിതന്മാരുടേയും വൈദികരുടേയും അചഞ്ചലമായ അധികാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ അഴിമതി ആദ്യം റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസ്സിലെ ജേര്‍ണലിസ്റ്റാണ് ഇക്കാര്യം പുറത്തു വിട്ടത്. യുഎഇയില്‍ നിന്നും തിരിച്ചു വത്തിക്കാനിലേക്കുള്ള യാത്രയിലാണ് അദ്ദേഹം മാര്‍പാപ്പയോട്, പ്രശ്‌നം പരിഹരിക്കാന്‍ സഭാ ശ്രേണിയില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടോ എന്ന് ചോദിച്ചത്.

ഇതൊരു ഗുരുതരമായ പ്രശ്‌നമാണെന്നും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും മാര്‍പാപ്പ സമ്മതിച്ചു. ഇത്തരം അധികാര ദുര്‍വിനിയോഗത്തിന് തടയിടാനുള്ള ഇച്ഛാശക്തി സഭയ്ക്കുണ്ടെന്നും ഇതൊരു പുതിയ പ്രശ്‌നമല്ല, കുറച്ചുകാലമായി സഭ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘അതിന്റെ പാതയില്‍ തന്നെയാണ് നാം. ഒരു പ്രത്യേക സാഹചര്യത്തില്‍ എത്തിയപ്പോള്‍ സഭ കന്യാസ്ത്രീ സഭ പിരിച്ചുവിടാനുള്ള ധൈര്യം ബെനഡിക്ട് മാര്‍പാപ്പയ്ക്കുണ്ടായിരുന്നു. കാരണം സ്ത്രീകളുടെ അടിമത്തം അവിടെ ഉണ്ടായിരുന്നു. അടിമത്തം, എന്നത് പലപ്പോഴും ലൈംഗിക അടിമത്തം പോലും ആയി മാറി. ഇത് ചെയ്യുന്നത് പുരോഹിതരും സ്ഥാപകരുമാണ്,’ മാര്‍പാപ്പ പറഞ്ഞു.

ഈ വിഷയത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യമുള്ള വ്യക്തി കൂടിയായിരുന്നു പോപ് ബെനഡിക്ട് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

കന്യാസ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഇപ്പോളും തുടരുകയാണെന്ന് മാര്‍പാപ്പ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് പുതിയതായി ആരംഭിച്ച സഭകളിലും ചില പ്രദേശങ്ങളിലുമാണ് കൂടുതല്‍ എന്നും അദ്ദേഹം പറഞ്ഞു.