പല കാര്യങ്ങളിലും വ്യത്യസ്തനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആകാശത്ത് വെച്ചുള്ള വിവാഹത്തിന് കാര്‍മികനായി. വിമാന ജീവനക്കാരായ പോള പോഡസ്റ്റ് എന്ന 39കാരിയും കാര്‍ലോസ് സിയുഫാര്‍ദി എന്ന 41 കാരനുമായുള്ള വിവാഹത്തിനാണ് പോപ്പ് കാര്‍മികനായത്. സാന്റിയാഗോയില്‍ നിന്ന് ഇക്വിക്ക് എന്ന ചിലിയന്‍ നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയയിരുന്നു പോപ്പ് ഇവരുടെ വിവാഹം നടത്തിക്കൊടുത്തത്.

വ്യത്യസ്തതയ്ക്ക് വേണ്ടി വെള്ളത്തിനടിയിലും ആകാശത്തും വെച്ച് വിവാഹങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി പറക്കുന്ന വിമാനത്തില്‍ പോപ്പ് കാര്‍മികനായി ഒരു വിവാഹം നടക്കുന്നത് ആദ്യമായാണ്. ചിലിയുടെ ഔദ്യോഗിക എയര്‍ലൈനായ ലാതാമില്‍ ജീവനക്കാരാണ് ദമ്പതികള്‍. 2010ല്‍ ഇവരുടെ സിവില്‍ വിവാഹം നടന്നിരുന്നു. പിന്നീട് ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പള്ളി ഭൂകമ്പത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നതോടെ മതപരമായ ചടങ്ങുകള്‍ നീളുകയായിരുന്നു.

യാത്രക്കിടെ പോപ്പ് ഇവരുടെ വിവാഹത്തേക്കുറിച്ച് സംസാരിക്കുകയും വിമാനത്തില്‍ വെച്ച് വിവാഹം നടത്താന്‍ തയ്യാറാകുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന കര്‍ദിനാള്‍മാരോട് വിവാഹ ലൈസന്‍സ് തയ്യാറാക്കാന്‍ പോപ്പ് നിര്‍ദേശിച്ചു. എഴുതി തയ്യാറാക്കിയ ലൈസന്‍സില്‍ ഒപ്പ് വെച്ചതും സാക്ഷിയായതും കര്‍ദിനാള്‍മാരാണെന്നതും അപൂര്‍വതയാണ്.