വത്തിക്കാന്‍: പെസഹാ ദിനത്തില്‍ വൈദികര്‍ക്കു ഇനി മുതല്‍ സ്ത്രീകളുടെയും കാല്‍ കഴുകാമെന്ന് മാര്‍പ്പാപ്പ. സ്ത്രീകളുടെ മാത്രമല്ല അക്രൈസ്തവരുടെയും കാല്‍കഴുകാമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അറിയിച്ചു. നിലവില്‍ പെസഹാ ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ രീതികളില്‍ മാറ്റം വരുത്തി കല്‍പ്പന പുറത്തിറക്കി. നിലവില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രമാണു  കഴുകാറുള്ളത്.
എന്നാല്‍ ഇനി മുതല്‍ ദൈവത്തില്‍ വിശ്വാസമുള്ള ആരുടെയും കാല്‍ കഴുകാവുന്നതാണെന്നു കല്‍പ്പനയില്‍ പറയുന്നു. ചുമതല ഏറ്റെടുത്തതിനു ശേഷം പല വിഷയങ്ങളിലും പുതിയ തീരുമാനങ്ങളെടുത്തതിലൂടെ പോപ്പ് ശ്രദ്ധ നേടിയിരുന്നു. ചുമതല ഏറ്റെടുത്ത് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ ക്രിസ്ത്യാനികളും മുസ്‌ലിംകളുമടക്കം പുരുഷന്മാരുടെയും സ്ത്രീകളുടെയും കാലുകള്‍ മാര്‍പ്പാപ്പ കഴുകിയിരുന്നു. ഇപ്പോഴെടുത്ത തീരുമാന പ്രകാരം സ്ത്രീയോ പുരുഷനോ, പ്രായം ചെന്നവര്‍ മുതല്‍ കുറഞ്ഞവര്‍ വരെ, ആരോഗ്യമുള്ളവും സുഖമില്ലാത്തവരും ആരുമായാലും അവരെ ചടങ്ങില്‍ പങ്കെടുപ്പിക്കാം.