ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ക്ക് നിരോധനം. ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു. 25 ലധികം സൈറ്റുകള്‍ സംസ്ഥാനത്ത് നിരോധിച്ച അദ്ദേഹം പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തെയും ഭൂപേന്ദ്രസിംഗ് പ്രശംസിച്ചു.

2017 നവംബറില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇത്തരം ഒരു ബില്‍ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്. 12 വയസ്സില്‍ താഴെയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനായിരുന്നു പറഞ്ഞിരുന്നത്. അത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പോര്‍ണോഗ്രാഫി സംബന്ധിക്കുന്ന കാര്യങ്ങള്‍ എളുപ്പവും യഥേഷ്ടവുമായി കിട്ടുന്നുണ്ടെന്നും അത് കുട്ടികളെ കാര്യമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ഇതിന്റെ ഫലം ലൈംഗിക പീഡനങ്ങളാണ്. മദ്ധ്യപ്രദേശ് ഇതിനകം 25 സൈറ്റുകള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം സൈറ്റുകളെ നേരിട്ട് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരം സൈറ്റുകളെ നിരോധിക്കേണ്ട ബാദ്ധ്യതയെന്നും മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ബലാത്സംഗത്തിന് എതിരേ കര്‍ശനമായ നിയമമായി മാറുകയാണ്. അതേസമയം ഇത് ഇക്കാര്യത്തില്‍ ഒരു പരിഹാരമല്ലെന്നും വ്യാപകമായ ബോധവല്‍ക്കരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.