കോവിഡ് ലോക്ക് ഡൗണ്‍ മൂലം മുടങ്ങിയ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷകള്‍ മെയ് 21 മുതല്‍ 29 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍ നടത്തും. പരീക്ഷകൾ പൂർത്തിയാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നില്ലെങ്കിലും വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികൾക്ക് ക്ലാസുകൾ നടത്തും. ഓൺലൈനിലും മൊബൈലിലും ഇത് ലഭ്യമാക്കും. വിക്ടേഴ്സ് ചാനൽ നൽകുന്നുണ്ടെന്ന് പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരും ഡിടിഎച്ച് സേവനദാതാക്കളും ഉറപ്പുവരുത്തണം. ഈ സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 81609 അധ്യാപകര്‍ക്ക് പരിശീലനം ഓണ്‍ലൈനായി തുടങ്ങിയിരുന്നു. ഇത് പൂര്‍ത്തിയാക്കും.