ബ്രെക്‌സിറ്റ് അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതേത്തുടര്‍ന്ന് പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അറിയിപ്പില്‍ 2019ലെ വളര്‍ച്ചാനിരക്ക് പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചിച്ചു. മൂന്നു മാസം മുമ്പ് 1.7 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നതെങ്കില്‍ ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ 1.2 ശതമാനമായി വളര്‍ച്ചാനിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.

ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പൗണ്ടിന്റെ മൂല്യം 0.6 ശതമാനം ഇടിഞ്ഞ് അമേരിക്കന്‍ ഡോളറിനെതിരെ 1.285ലെത്തി. യൂറോക്കെതിരെ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1.134 ആണ് യൂറോക്കെതിരെയുള്ള മൂല്യം. മൂന്നാഴ്ചക്കിടയിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഇത്. പലിശനിരക്കുകള്‍ അവലോകനം ചെയ്യുന്ന കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിനു ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള നടപടിക്രമങ്ങളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെന്നും അനിശ്ചിതത്വം വളര്‍ന്നിട്ടുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളെക്കുറിച്ച് വ്യവസായ മേഖല ആശങ്കയിലാണ്.

ഈ അനിശ്ചിതത്വം കുടുംബങ്ങളുടെ ചെലവിനെയും നിക്ഷേപങ്ങളെയും ഉടന്‍ തന്നെ നേരിട്ടു ബാധിക്കുമെന്നതാണ് വിലയിരുത്തല്‍. 2018ന്റെ അവസാന പാദത്തില്‍ വളര്‍ച്ചാനിരക്ക് 0.3 ശതമാനം മാത്രമായിരുന്നു. മൂന്നാം പാദത്തില്‍ 0.6 ശതമാനം വളര്‍ച്ച നേടിയതിനു ശേഷമാണ് ഇത് നേര്‍ പകുതിയായി കുറഞ്ഞത്. 2019ന്റെ ആദ്യ പാദത്തില്‍ ഇത് 0.2 ആയി കുറയുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിക്കുന്നത്.