അവസാനഘട്ട ഏറ്റെടുക്കല്‍ ചര്‍ച്ചകളും പരാജയം; പൗണ്ട് വേള്‍ഡ് അഡ്മിനിസ്‌ട്രേഷനിലേക്ക്; 5100 പേര്‍ക്ക് ജോലി നഷ്ടമായേക്കും

അവസാനഘട്ട ഏറ്റെടുക്കല്‍ ചര്‍ച്ചകളും പരാജയം; പൗണ്ട് വേള്‍ഡ് അഡ്മിനിസ്‌ട്രേഷനിലേക്ക്; 5100 പേര്‍ക്ക് ജോലി നഷ്ടമായേക്കും
June 12 06:12 2018 Print This Article

ബ്രിട്ടീഷ് വാല്യൂ വെറൈറ്റി സ്‌റ്റോര്‍ ശൃംഖലയായ പൗണ്ട് വേള്‍ഡ് അടച്ചു പൂട്ടലിലേക്ക്. നിരവധി കമ്പനികളുമായി നടത്തിയ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിച്ചിരിക്കുകയാണ് കമ്പനി. ആര്‍ ക്യാപ്പിറ്റല്‍ എന്ന ബയറുമായി നടത്തിയ ചര്‍ച്ചയും പരാജയമായതോടെയാണ് കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ബ്രിട്ടനില്‍ 335 സ്റ്റോറുകളുള്ള കമ്പനി അടച്ചുപൂട്ടുമ്പോള്‍ 5100 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വലിയ തോതിലല്ലെങ്കിലും സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനയും ഉപഭോക്താക്കള്‍ കുറഞ്ഞതും മൂലം മറ്റ് ഹൈസ്ട്രീറ്റ് റീട്ടെയിലര്‍മാരെപ്പോലെ പൗണ്ട് വേള്‍ഡിനും കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നതെന്ന് പ്രസ്താവനയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡെലോയ്റ്റ് വ്യക്തമാക്കി. ഡിസ്‌കൗണ്ട് റീട്ടെയില്‍ മാര്‍ക്കറ്റിലെ കടുത്ത മത്സരവും ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിയാതിരുന്നതും കമ്പനിയെ പിന്നോട്ടു നയിക്കുകയായിരുന്നു. യുകെയിലെ റീട്ടെയില്‍ വ്യാപാര മേഖല വെല്ലുവിളികളെ നേരിടുന്ന ഘട്ടമാണ് ഇതെന്നും പൗണ്ട് വേള്‍ഡ് അതിന് അനുസൃതമായി ഒരു പുനസംഘടനയാണ് ഉദ്ദേശിച്ചതെന്നും ജോയിന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ക്ലെയര്‍ ബോര്‍ഡ്മാന്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ അത് പ്രായോഗികമായില്ല. ഒരു ഏറ്റെടുക്കല്‍ നടക്കുമെന്നായിരുന്നു ഡെലോയ്റ്റ് കരുതിയിരുന്നതെന്നും ക്ലെയര്‍ വ്യക്തമാക്കി. ഈ തീരുമാനം വളരെ ബുദ്ധിമുട്ടോടെയാണ് സ്വീകരിച്ചതെന്ന് പൗണ്ട് വേള്‍ഡ് ഉടമയായ ടിജിപി അറിയിച്ചു. ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തിയെങ്കിലും യുകെ റീട്ടെയില്‍ മേഖലയിലെ തളര്‍ച്ചയും മാറിയ ഉപഭോക്തൃ സംസ്‌കാരവും തങ്ങളെ കാര്യമായി ബാധിച്ചുവെന്നും ടിജിപി വ്യക്തമാക്കി.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles