ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാതം മിത്താണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് തമിഴ് സിനിമാ താരം പ്രകാശ് രാജ്. കേന്ദ്രമന്ത്രി സത്യപാല്‍സിങിന്റെ അഭിപ്രായത്തെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ പരിഹസിച്ചത്. കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം.

കുരങ്ങന്‍ മനുഷ്യനാവുന്നതിന് തെളിവില്ലെന്ന പറഞ്ഞ മന്ത്രിക്ക് മനുഷ്യന്‍ കുരങ്ങനാവുന്നതും ശിലായുഗത്തിലേക്ക് കൊണ്ടു പോകുന്നതും നിഷേധിക്കാനാവുമോ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിച്ചത്. നേരത്തെ വിഷയത്തില്‍ സോഷ്യല്‍ മീഡിയകളില്‍ കേന്ദ്രമന്ത്രി സത്യപാല്‍സിങിനെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.

‘കുരങ്ങന്‍ മനുഷ്യനാവുന്നത് നമ്മുടെ പൂര്‍വ്വികര്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ പ്രിയപ്പെട്ട സാറെ, വിപരീത കാര്യത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന കാര്യം താങ്കള്‍ക്ക് നിഷേധിക്കാനാവുമോ. അതായത് മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലാ യുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്’, പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.