ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി പ്രത്യുഷയുടെ അമ്മ. പ്രത്യുഷയുടെ മരണത്തെ സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. 15 വര്‍ഷം മുമ്പായിരുന്നു പ്രത്യുഷയുടെ മരണം. എന്നാല്‍ താരം ആത്മഹത്യ ചെയ്തതല്ലെന്നും കാമുകനായിരുന്ന സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നതര്‍ അവളെ കൊലപ്പെടുത്തുകയാണെന്നാണ് അമ്മ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്മ സരോജിനി ദേവിയുടെ വെളിപ്പെടുത്തല്‍.

തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും അവളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും അമ്മ പറയുന്നു. സിനിമാ ജീവിതത്തില്‍ പ്രത്യുഷ വളരെ സംതൃപ്തയായിരുന്നു അതുകൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല എന്നാണ് സരോജിനി അമ്മ പറയുന്നത്. അവസാനം കാണുമ്പോഴും അവള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു. അന്നവള്‍ തന്റെ പുതിയ കന്നട ചിത്രത്തിന്റെ ലോഞ്ചിന് വേണ്ടി ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു.

വിവാഹത്തിന് സിദ്ധാര്‍ത്ഥിന്റെ വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ പ്രത്യുഷ കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നുവെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു മരണം സംഭവിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി സരോജിനി രംഗത്തെത്തിയതോടെ പ്രത്യുഷയുടെ മരണം വീണ്ടും വിവാദമായിരിക്കുകയാണ്.
‘അവളുടെ ശരീരം സംസ്‌കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ സിനിമയില്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് ഞാന്‍ ഉപദേശിച്ചിരുന്നു.’ സരോജിനി പറയുന്നു.

നേരത്ത, പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പ്രത്യുഷയുടെ ശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്‍ ബി മുനിസ്വാമി വെളിപ്പെടുത്തിയിരുന്നു. കേസില്‍ ആദ്യമായി വെളിപ്പെടുത്തല്‍ അദ്ദേഹമാണ് നടത്തിയത്.

എന്നാല്‍ മുനിസ്വാമിയുടെ റിപ്പോര്‍ട്ടില്‍ അന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സി.ബി.ഐ സി.ഐ.ഡി അന്വേഷണം നടത്തുകയും മുനിസ്വാമിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തിരുന്നു. നടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന നിഗമനത്തിലായിരുന്നു അവര്‍ എത്തിയത്. അതേസമയം, കാമുകന്‍ സിദ്ധര്‍ത്ഥിനെതിരെ പ്രേരണാകുറ്റം ചുമത്തുകയും അഞ്ച് വര്‍ഷം തടവും ആറായിരം രൂപ പിഴയും വിധിച്ചിരുന്നു.