ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജീവനക്കാരെ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കരുതെന്ന നിയമത്തില്‍ യൂറോപ്പ്യന്‍ ടോപ് കോടതി ഇളവ് അനുവദിച്ചു. ആവശ്യമെങ്കില്‍ ഗര്‍ഭിണികളേയും ജോലിയില്‍ നിന്ന് പുറത്താക്കാന്‍ തൊഴിലുടമക്ക് അവകാശമുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. സ്പാനിഷ് ധനകാര്യ സ്ഥാപനമായ ബാങ്കിയക്കെതിരെ ജീവനക്കാരിയായ ജസീക്ക പൊറാസ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി.

ചെലവ് ചുരുക്കലിന്റെ പേരില്‍ ബാങ്കിയ പുറത്താക്കിയ ജീവനക്കാരുടെ കൂട്ടത്തില്‍ ജസീക്കയും ഉണ്ടായിരുന്നു. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഇത്തരം നടപടിക്ക് വിധേയയാതെന്നും യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ച് തന്നെ പുറത്താക്കാന്‍ ബാങ്കിയക്ക് അവകാശമില്ലെന്നും ജസീക്ക ഹര്‍ജിയില്‍ വാദിച്ചു. ഗര്‍ഭകാലത്തിന്റെ തുടക്കം മുതല്‍ മെറ്റേണിറ്റി ലീവ് കഴിയും വരെ ജീവനക്കാരെ പുറത്താക്കുന്നതില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ നിയമം സ്ഥാപനങ്ങളെ വിലക്കുന്നുണ്ട്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കാരണത്താല്‍ പുറത്താക്കരുതെന്നാണ് ഈ നിയമം അനുശാസിക്കുന്നത്.

ജസീക്കയുടെ വിഷയം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്ന സാഹചര്യങ്ങളില്‍ ഗര്‍ഭിണികളും ഉള്‍പ്പെട്ടേക്കാം. എന്നാല്‍ പിരിച്ചുവിടുന്നതിന്റെ കാരണം ജീവനക്കാരെ രേഖാമൂലം അറിയക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അധിക ജീവനക്കാരെ പുറത്താക്കുന്ന പട്ടിക തയ്യാറാക്കുന്നതിന് സ്ഥാപനം സ്വീകരിച്ച മാനദണ്ഡങ്ങളും അവരെ അറിയിക്കണം.

ഗര്‍ഭകാലത്തും കുട്ടികള്‍ ഉണ്ടായ ശേഷവും സ്ത്രീകളെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് മൂലം ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങള്‍ ഓരോവര്‍ഷവും വലിയ തുക നഷ്ടം വരുത്തുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. 280 മില്ല്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ നഷ്ടം വരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. പിരിച്ച് വിടുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക, പുതിയ ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവയും പരിചയമുള്ള ജീവനക്കാര്‍ പോകുന്നത് മൂലമുള്ള ഉത്പാദന നഷ്ടവുമെല്ലാം കണക്കാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്. സ്ത്രീ ജീവനക്കാരില്‍ പത്തില്‍ ഒരാള്‍ കുട്ടികള്‍ ഉണ്ടായ ശേഷം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പറയുന്നു. ഓരോ വര്‍ഷവും 54000 സ്ത്രീകള്‍ക്കാണ് ഇങ്ങനെ തൊഴില്‍ നഷ്ടമാകുന്നത്.