രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയ്യതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ജൂൺ 28 നാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ജൂലൈ 17 ന് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ന്യൂഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജൂലൈ 20 നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് ഡൽഹിയിൽ പത്രസമ്മേളനം വിളിച്ചത്. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇദ്ദേഹത്തിന്റെ കാലാവധി ജൂലായ് 24 ന് അവസാനിക്കും.

പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതയായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നോക്കിക്കാണുന്നുണ്ട്. ഇതിന്റെ പരീക്ഷണമായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കാണുന്നത്.

ഐക്യസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ കക്ഷികൾ. ഇതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എന്നാൽ ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷികളുടെയും, പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും സഹായത്തോടെ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.