ലണ്ടന്‍: ബിറ്റ്‌കോയിന്‍, എഥീരിയം, റിപ്പിള്‍ മുതലായ മുന്‍നിര ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ മാസം ക്രിപ്‌റ്റോകറന്‍സികളില്‍ വന്‍തോതിലുണ്ടായ ഇടിവിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും ഉണര്‍വുണ്ടായിരിക്കുന്നത്. 2017 അവസാന മാസങ്ങളില്‍ രേഖപ്പെടുത്തിയ വളര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സികളിലുണ്ടായ ഇടിവിനെ ക്രിപ്‌റ്റോപ്പോകാലിപ്‌സ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഈ ഡിജിറ്റല്‍ കറന്‍സികള്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ വിലയിടിവിന് കാരണമായിരുന്നു. എന്നാല്‍ ഇവയെ നിയന്ത്രിക്കുന്നത് തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ലെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ഡ്രാഗി പറഞ്ഞതോടെയാണ് വിപണിയില്‍ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം ഉയര്‍ന്നത്.

ബിറ്റ്‌കോയിന്‍ ഇപ്പോള്‍ 8800 ഡോളര്‍ മൂല്യത്തിലാണ് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ 400 ഡോളറാണ് ഇതിന് വര്‍ദ്ധിച്ചത്. ക്രിപ്‌റ്റോകറന്‍സികളുടെ ചാഞ്ചാട്ടത്തിലുള്ള നഷ്ടസാധ്യതകള്‍ അതിന്റെ ഉപയോക്താക്കള്‍ മനസിലാക്കിയിരിക്കണമെന്നും മരിയോ ഡ്രാഗി പറഞ്ഞു. ഗവണ്‍മെന്റുകള്‍ ക്രിപ്‌റ്റോകറന്‍സികള്‍ നിയന്ത്രിക്കുന്നതിന് കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ട്. അതിനായി പുതിയ നിയമങ്ങളും അവതരിപ്പിക്കുന്നു. ഇവയാണ് ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്രിപ്‌റ്റോകറന്‍സികളുടെ ലെഡ്ജര്‍ ടെക്‌നോളജിയായ ബ്ലോക്ക്‌ചെയിന്‍ മികച്ചതാണെന്ന് ഡ്രാഗി അഭിപ്രായപ്പെട്ടു. ഒട്ടേറെ സാധ്യതകളും ഗുണങ്ങളുമുള്ള ഒന്നാണ് ഇത്. എന്നാല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് തലവന്‍ അഗസ്റ്റിന്‍ കാഴ്‌സ്‌റ്റെന്‍സ് ക്രിപ്‌റ്റോകറന്‍സികളെ നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ചില്‍ ബ്യൂണസ് അയേഴ്‌സില്‍ ചേരുന്ന ജി20 രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് തലവന്‍മാരുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.