ലണ്ടന്‍: ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്താവകാശം, പകര്‍പ്പാവകാശം അഥവാ കോപ്പിറൈറ്റ് എന്നിവയേക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടോ? സോഷ്യല്‍ മീഡിയയുടെ കാലത്ത് പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഇതേക്കുറിച്ച് അറിവുകള്‍ പകര്‍ന്നു കൊടുക്കേണ്ടതുണ്ടെന്ന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ്. പൈറസി, പേറ്റന്റ്, ട്രേഡ്മാര്‍ക്ക് തുടങ്ങിയവയേക്കുറിച്ച് 11 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനായുള്ള പഠന സഹായികള്‍ ഐപിഒ തയ്യാറാക്കി വരികയാണ്. ഇവയേക്കുറിച്ച് വിവരിക്കുന്ന വീഡിയോകളാണ് തയ്യാറാക്കുന്നത്.

കുട്ടികള്‍ ഇപ്പോള്‍ വളരെ ചെറുപ്പത്തില്‍ തന്നെ സോഷ്യല്‍ മീഡിയയുമായി അടുത്തിടപഴകുന്നുണ്ട്. അതുകൊണ്ടു തന്നെ കൗമാരപ്രായത്തിലെത്തുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങളില്‍ ഇവര്‍ക്ക് അറിവ് നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ഐപിഒയുടെ എജ്യുക്കേഷന്‍ ഔട്ട്‌റീച്ച് വിഭാഗം ഹെഡ്, കാതറീന്‍ ഡേവിസ് പറയുന്നു. കൗമാരപ്രായത്തിലുള്ള ഒട്ടേറെപ്പേരുമായി ഈ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ട്. നിരവധി കുട്ടികള്‍ ഇന്റര്‍നെറ്റില്‍ പകര്‍പ്പവകാശ ലംഘനം പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത്.

അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യയേക്കുറിച്ചും അവയില്‍ നിയമങ്ങളുടെ സ്ഥാനത്തെക്കുറിച്ചുമുള്ള അറിവുകള്‍ വളരെ ചെറുപ്പത്തിലേ പകര്‍ന്നു നല്‍കേണ്ട കാലഘട്ടമാണ് ഇതെന്ന് അവര്‍ പറഞ്ഞു. പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ കോപ്പിറൈറ്റിനെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ നല്‍കുന്നത് ഏറ്റവും പ്രധാനമാണ്. പിന്നീട് മുതിരുമ്പോള്‍ ഇവയേക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാകാനുള്ള വിത്തുപാകലായി ഇതിനെ കണക്കാക്കാമെന്നും അവര്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയര്‍ സ്ട്രാറ്റജിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഐപിഒ