സാധാരണ ഒരു യാത്രയില്‍ ഒപ്പം അത്യാവശ്യ വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളുമാണ് നാം കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചാള്‍സ് രാജകുമാരന്‍ ഏറെ വ്യത്യസ്ഥനാണ്. അദ്ദേഹം തന്റെ യാത്രയില്‍ ഒപ്പം കരുതുന്നവയില്‍ തന്റെ കിടപ്പുമുറിയിലെ മുഴുവന്‍ സാധനങ്ങളും ഉള്‍പ്പെടും. അദ്ദേഹത്തിനായി തയ്യാറാക്കിയ പ്രത്യേക ബെഡും സ്‌കോട്ടിഷ് ഹൈലാന്റുകളുടെ പെയിന്റിംഗുകളും ഇവയില്‍ ഉള്‍പ്പെടും. പുതിയ ജീവചരിത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്. ടോയിലറ്റ് സീറ്റും ഒപ്പം കൊണ്ടു പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നാല് പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ ഏതാണ്ട് 123 പേരാണ് പ്രിന്‍സ് ചാള്‍സിന്റെ അനുചരണ സംഘത്തിലുള്ളത്. വെയില്‍സിലെ രാജകുമാരന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ച തരുന്നതായിരിക്കും പുതിയ ജീവചരിത്രമെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തകന്‍ ടോം ബൗവര്‍ അവകാശപ്പെടുന്നു. 69കാരനായ പ്രിന്‍സ് ദിവസത്തില്‍ ഏതാണ്ട് 6 തവണ വസ്ത്രം മാറുമെന്നും പുസ്തകത്തില്‍ പറയുന്നു. പ്രിന്‍സ് പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു ഫ്‌ളാസ്‌ക് നിറയെ മാര്‍ട്ടീനി നിറച്ചു കൊണ്ടു വരാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ പോലീസ് സ്റ്റാഫുകള്‍ക്ക് നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രിന്‍സ് ചാള്‍സിനെ കുറിച്ചുള്ള ടോം ബൗവറിന്റെ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത് ഡെയിലി മെയിലിലാണ്. പല സീരിസുകളായാണ് പുസ്തകം ഇറങ്ങിയിരിക്കുന്നത്. അതേസമയം പുസ്‌കത്തില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അവകാശ വാദങ്ങളെയും ചാള്‍സ് രാജകുമാരന്റെ അഭിഭാഷകര്‍ നിഷേധിച്ചിട്ടുണ്ട്. ടോം ബൗവറിന് അറിവുകള്‍ ലഭിച്ച ഉറവിടങ്ങളും തെറ്റാണെന്ന് അവര്‍ വ്യക്തമാക്കുന്നു. ചാള്‍സ് രാജകുമാരന്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് പുതിയ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നും വസ്തു നിഷ്ഠമല്ലെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.