മേഗന്‍ ഗര്‍ഭിണി; രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നു

മേഗന്‍ ഗര്‍ഭിണി; രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നു
October 16 06:07 2018 Print This Article

ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കിളിനും കൂട്ടായി ഒരു കുഞ്ഞ് അതിഥി കൂടിയെത്തുന്നു. രാജകുടുംബത്തിലേക്ക് പുതിയ അംഗമെത്തുന്ന കാര്യം കൊട്ടാരം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. അടുത്ത സ്പ്രിംഗ് സീസണില്‍ പുതിയ അംഗം രാജകുടുംബത്തിന്റെ ഭാഗമാവുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മെയ് 19നായിരുന്നു ഹാരി രാജകുമാരനും ഹോളിവുഡ് നടിയും മോഡലുമായ മേഗനും വിവാഹിതരായത്. വിവാഹത്തിനുശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഇരുവരും. പസഫിക് ടൂറിന്റെ ഭാഗമായി ഇവരിപ്പോള്‍ സിഡ്‌നിയിലാണ്. വിവാഹശേഷം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മേഗന്‍.

പ്രധാനമന്ത്രി തെരേസ മേയ് ഇരുവര്‍ക്കും ആശംസകളറിയിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുവര്‍ക്കും നിരവധി ആശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇരുവര്‍ക്കും ട്വിറ്ററിലൂടെ ആശംസകളറിയിച്ചു. യു.കെയിലെ യു.എസ് അംബാസിഡര്‍ വൂഡി ജോണ്‍സണും ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് വന്നു.  ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരിയായ യുജീനയുടെ വിവാഹം അടുത്തിടെ നടന്നിരുന്നു. ആ സന്തോഷത്തിനു പിന്നാലെയാണ് രാജകുടുംബത്തിന് ഇരട്ടി മധുരമേകി പുതിയ അംഗം കടന്നുവരുന്നത്.

2016ല്‍ നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് മേഗന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അമ്മയാകുകയെന്നത് എന്റ് ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണെന്നായിരുന്നു അന്നത്തെ പ്രതികരണം. അതേസമയം സന്തോഷവാര്‍ത്തയോട് പ്രതികരിക്കാന്‍ മേഗന്റെ പിതാവ് തയ്യാറായില്ല. വിഷയത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തിന് പ്രതികരണം ആരാഞ്ഞപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. നേരത്തെ ആരോഗ്യകാരണങ്ങളാല്‍ മേഗന്റെ പിതാവ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles