ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരി യുജ്ജീന്‍ രാജകുമാരി വിവാഹിതയായി. വിവാഹ സല്‍ക്കാരത്തിലെ താരം ഡിസൈനര്‍ പീറ്റര്‍ പിലോറ്റോയുടെ കരവിരുതില്‍ നിര്‍മിച്ച തൂവെള്ള ഗൗണ്‍ ആയിരുന്നു. ആൻഡ്രൂ രാജകുമാരന്റെയും സാറ രാജകുമാരിയുടെയും മകളായ യുജ്ജീനിന്റെ വസ്ത്രധാരണത്തിലെ വ്യത്യസ്ത ലോകത്തിന്റെ കണ്ണിൽ ഉടക്കുകയും ചെയ്തു. ക്രിസ്തീയ വിവാഹങ്ങളിൽ വധു ധരിച്ചു വരുന്ന ശിരോവസ്ത്രം ഒഴിവാക്കിയതും ഗൗണിന്റെ പിൻഭാഗം ഏറെ ഇറക്കി വെട്ടിയതും വേഗം ശ്രദ്ധ പിടിച്ചുപറ്റി. അതീവഗ്ലാമറസായി ക്യാമറകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ വേണ്ടിയായിരുന്നില്ല യുജ്ജീന്‍ രാജകുമാരി ഏറെ ഇറക്കി വെട്ടിയ ഗൗൺ ധരിച്ചത്. പീറ്റര്‍ പിലോറ്റോയും ക്രിസ്റ്റർഫർ ഡെവോസും ചേർന്ന് ഒരുക്കിയ ഗൗണിനു പിന്നിൽ പുറംലോകം അറിയാത്ത ഒരു രഹസ്യം ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.

കഴുത്തിന്റെ പിൻവശം മുതൽ താഴോട്ട് നീണ്ടുകിടക്കുന്ന നീളൻ പാട് ഒറ്റ കാഴ്ചയിൽ തന്നെ ദൃശ്യമാകുന്നതിനു വേണ്ടിയാണ് രാജകുമാരി കഴുത്ത് ഇറക്കി വെട്ടിയ ഗൗൺ ധരിച്ചത്. റോയൽ നാഷണൽ ഓർതോപീഡിക് ഹോസ്പിറ്റലിലെ സർജൻമാർക്കു വേണ്ടിയുള്ള ആദരവെന്നോണമാണ് യുജ്ജീന്‍ ആ മുറിപ്പാട് മായ്ക്കാതിരുന്നത്.

സ്കോളിയോയിസ് എന്ന രോഗം ബാധിച്ച് കുട്ടികൾക്ക് ധൈര്യം നൽകുന്നതിനു വേണ്ടിയാണ് യുജ്ജീന്‍ ഇത്തരമൊരു വസ്ത്രം ധരിച്ചതും. നട്ടെല്ലിന് വളവ് വരുന്ന ഒരുതരം രോഗമാണ് സ്കോളിയോയിസ്. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗവസ്ഥ കൂടുതലായും കണ്ടുവരുന്നത്. രോഗം ബാധിക്കുന്ന കുട്ടികളിൽ ആറിൽ അഞ്ചുപേരും പെൺകുട്ടികളാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. സർജറി സമയത്ത് തന്നെ സഹായിച്ച ഡോക്ടർമാരെ ആദരിക്കുന്നതിനും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന പെൺകുട്ടികളെ സ്വാന്ത്വനിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു കഴുത്ത് ഇറക്കിവെട്ടിയതെന്ന് യുജ്ജീന്‍ വെളിപ്പെടുത്തി.ആ പാടുകൾ മറച്ചു വെക്കേണ്ടവയല്ല. ഏറെ സ്പെഷ്യലാണ്– യുജ്ജീന്‍ പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കാമുകനായ ജാക്ബ്രൂക്സ് ബാങ്കിനെയാണ് യുജ്ജീന്‍ വിവാഹം കഴിച്ചത്.