ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. 9 അംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ആധാര്‍ പദ്ധതിയെ വരെ സ്വാധീനിക്കുന്ന വിധിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. മൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ വന്ന ഹര്‍ജി അഞ്ചംഗ ബെഞ്ചിന് വിട്ടു. ആധാര്‍ സ്വകാര്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതല്ലേ എന്ന ചോദ്യമുന്നയിച്ചാണ് ഇത് 9 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഈ വിധിയോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954ലും 1962ലും ഉണ്ടായ സുപ്രീം കോടതി വിധികളാണ് അസാധുവായത്.

ഭരണഘടനയില്‍ വ്യക്തമായി സൂചനയില്ലാത്തതിനാല്‍ സ്വകാര്യതയില്‍ നിയന്ത്രണങ്ങളാകാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ മറ്റു മൗലികാവകാശങ്ങളെപ്പോലെ സമ്പൂര്‍ണ്ണ അവകാശമല്ലെങ്കിലും സ്വകാര്യത മൗലികാവകാശം അല്ലാതാകുന്നില്ലെന്നായിരുന്നു കേരളം കോടതിയില്‍ സ്വീകരിച്ച നിലപാട്.