ഫീസ് പണമായി നല്‍കുന്ന രക്ഷിതാക്കളുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നാഷണല്‍ ക്രൈം ഏജന്‍സി. ഏജന്‍സിയുടെ ഇക്കണോമിക് ആന്‍ഡ് സൈബര്‍ ക്രൈം വിഭാഗം തലവന്‍ ഡൊണാള്‍ഡ് ടൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സാങ്ഷന്‍ ലിസ്റ്റിലുള്ളവര്‍ പണമടയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് നീക്കം. ബര്‍സാര്‍മാര്‍ ഇത് പരിശോധിക്കണമെന്നും എന്‍സിഎ അറിയിച്ചു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പോലെയുള്ള സംഘടനകള്‍ തിരിച്ചറിഞ്ഞിട്ടുള്ള സാമ്പത്തിക തട്ടിപ്പുകാര്‍ എത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സംശയിക്കപ്പെടുന്ന വ്യക്തികളുടെ കുട്ടികള്‍ പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്നും അതുള്‍പ്പെടെ വിവിധ മേഖലകളില്‍ നിരീക്ഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കാന്‍ പബ്ലിക് സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണം സ്‌കൂള്‍ അധികൃതര്‍ നേരത്തേ നിഷേധിച്ചിരുന്നു. കള്ളപ്പണം സ്‌കൂളുകള്‍ അറിവോടെ സ്വീകരിക്കുന്നതായി ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ബുക്കാനന്‍ പറയുന്നത്. അത്തരം ഒരു ആരോപണം തന്നെ വ്യാജമാണെന്നും ബുക്കാനന്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ സ്വന്തം നിലയക്ക് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഡൊണാള്‍ഡ് ടൂണ്‍ പറഞ്ഞു. ആരോടും പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയല്ല. പകരം സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രമാണ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടോ എന്ന് ഗൂഗിളില്‍ തിരയുകയെന്നത് ബര്‍സാര്‍മാര്‍ക്ക് അദ്ധ്വാനമുള്ള ജോലിയല്ല. ശമ്പളം കുറഞ്ഞ ജോലികള്‍ ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ഫീസുകള്‍ താങ്ങാനാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ പ്രൈവറ്റ് സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം സെക്യൂരിറ്റി മിനിസ്റ്റര്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍, എസ്‌റ്റേറ്റ് ഏജന്റുമാര്‍, ലക്ഷ്വറി കാര്‍ ഡീലര്‍മാര്‍ തുടങ്ങിയവരും കള്ളപ്പണം എത്തുന്ന വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും സംശയമുള്ളവരെക്കുറിച്ച് പോലീസില്‍ വിവരം നല്‍കണമെന്നും മിനിസ്റ്റര്‍ പറഞ്ഞിരുന്നു.