ടെലിവിഷൻ അവതാരകയും മുൻ മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് മെറിന്റെ മാതാപിതാക്കൾ കൊച്ചി സിറ്റി പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ, മെറിൻ മരണപ്പെട്ടത് ആലപ്പുഴയിൽ ആയതിനാൽ കേസ് കൊച്ചിയിൽനിന്ന് ആലപ്പുഴയിലേക്കു മാറ്റി.

കഴിഞ്ഞ വർഷം നവംബർ 9ന് ആണ് എറണാകുളം വരാപ്പുഴ സ്വദേശി മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014ൽ ആണ് മെറിനും തിരൂർ സ്വദേശി അഭിലാഷും വിവാഹിതരാവുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അഭിലാഷ്. മെറിൻ മരിച്ച ദിവസം, അഭിലാഷിന്റെ സുഹൃത്തുക്കൾ മെറിന് അപകടം പറ്റിയെന്നും വേഗം എത്തണമെന്നും മാതാപിതാക്കളെ അറിയിച്ചു. ഇവർ ആലപ്പുഴയിൽ എത്തിയപ്പോഴാണ് മെറിൻ മരിച്ച വാർത്ത അറിയുന്നത്.

മെറിന്റെ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിൻ തൂങ്ങിമരിക്കാൻ സാഹചര്യമില്ലെന്നും മരിക്കുന്നതിന്റെ തലേദിവസം മകൾ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അന്നു മെറിൻ സന്തോഷത്തിൽ ആയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മെറിന്റേതു തൂങ്ങിമരണമായാണ് സൂചിപ്പിച്ചിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.

മെറിന്റെ മരണശേഷം ഭർത്താവും കുടുംബാംഗങ്ങളും ഇവരുമായി ബന്ധപ്പെടാത്തതും ദുരൂഹത ഉയർത്തുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിന്റെ മാതാപിതാക്കളിൽനിന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം മൊഴി എടുത്തിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വ‌േഷണം നടക്കുകയാണ്. മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അവരുടെ പരാതി പ്രകാരം പരിശോധിക്കുമെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ച‌ു.