നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുെട വീടുകയറി ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലേക്ക് റോഷന്‍ ആന്‍ഡ്രൂസ് ഗൂണ്ടകളുമായി എത്തി ആക്രമിച്ചെന്ന് കാണിച്ച് ആല്‍വിന്‍ ആന്റണി ഡിജിപിക്ക് പരാതി നല്‍കി. നടപടികള്‍ വേഗത്തിലാക്കുമെന്ന് ഡിജിപി ഉറപ്പുനല്‍കിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്കുമാര്‍ അറിയിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുമായി എത്തിയാണ് ആല്‍വിന്‍ ആന്റണി ഡി.ജി.പിയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം റോഷന്‍ ആന്‍ഡ്രൂസിന്റെ േനതൃത്വത്തില്‍ വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി.

പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നം അക്രമത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്തം റോഷന്‍ ആന്‍ഡ്രൂസിനാണെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ആല്‍വിന്‍ ആന്റണിയുടെ മകനും റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള പ്രശ്നമാണ് ആക്രമത്തില്‍ കലാശിച്ചത്. അതേസമയം അക്രമത്തിനിരയായത് താനാണെന്നു കാണിച്ച് റോഷന്‍ ആന്‍ഡ്രൂസും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.