കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സ്വത്ത് സ്വകാര്യ സ്വത്താണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അതിരൂപത ട്രസ്റ്റ് രജിസ്‌ട്രേഷന്‍ ആണ് നടത്തിയിരിക്കുന്നതെന്ന് തെളിയിക്കുന്ന ആദായ നികുതി വകുപ്പിന്റെ കത്ത് പുറത്തായി. അതിരൂപതയ്ക്ക് ട്രസ്റ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയിരികുന്ന 12എ രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.

അതിരൂപതയുടെ പാന്‍കാര്‍ഡ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രസ്റ്റുകള്‍ക്ക് അനുവദിക്കുന്ന പാന്‍കാര്‍ഡ് ആണ് അതിരൂപതയ്ക്കുള്ളതെന്നും ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട കേസിലാണ് സ്വകാര്യ സ്വത്താണെന്ന നിലപാട് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ എടുത്തത്. സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും പണം വന്നോ ഇല്ലയോ എന്ന് മൂന്നാം കക്ഷി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെ വിശദീകരണത്തിന്റെ ചുരുക്കം. ഇതിനെതിരെ വിശ്വാസികള്‍ ഇന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് വായ്മൂടിക്കെട്ടി പ്ലാക്കാര്‍ഡുകളുമായി ഇരുന്ന് പ്രതിഷേധിക്കുകയാണ്.