കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പഞ്ചാബില്‍ പ്രതിഷേധം ഉയരുന്നു, അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന കേരള പോലീസിന് വിമര്‍ശനം

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പഞ്ചാബില്‍ പ്രതിഷേധം ഉയരുന്നു, അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന കേരള പോലീസിന് വിമര്‍ശനം
July 28 21:35 2018 Print This Article

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ കേരളത്തിലെ പൊലീസ് അന്വേഷണം മെല്ലെപ്പൊക്കിൽ ആയതിൽ വലിയ വിമർശനം ഉയരുന്നതിനിടെ പഞ്ചാബില്‍ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജലന്ധറിലേക്ക് നടത്താനിരുന്ന യാത്ര അനിശ്ചിതത്വത്തിലായിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ജലന്ധറിലേക്ക് പോകാൻ അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അനുമതി നൽകിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സർക്കാരും ഈ നിലപാട് ആണ് കൈക്കൊണ്ടതെന്നാണ് ലഭ്യമാകുന്ന വിവരം.

ഇതിനിടെയാണ് വ്യക്തമായ പീഡന പരാതി ഉയർന്നിട്ടും നിരവധി കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കാൻ കാരണമായി ബിഷപ്പ് ഫ്രാങ്കോയുടെ ഭാഗത്തുനിന്ന് ലൈംഗിക പീഡനവും അതിക്രമങ്ങളും ഉണ്ടായെന്ന ആക്ഷേപവും വന്നിട്ടും കേരള പൊലീസ് ഉദാസീന നയം കാണിക്കുന്നത്. ലത്തീൻ സഭയുടെ ബിഷപ്പായ ഫ്രാങ്കോയ്ക്ക് എതിരെ ഉയർന്ന ആരോപണത്തിൽ സീറോ മലബാർ സഭ പരമാധ്യക്ഷനായ കർദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ വരെ ആരോപണം ഉയർത്തി ഒരു വിഭാഗം നുണപ്രചരണവും നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സഭാ പരമാധ്യക്ഷനായ ആലഞ്ചേരിയുടെ മൊഴിയെടുക്കുകവരെ ചെയ്തിട്ടും കേരള പൊലീസ് പ്രതിയായ മെത്രാനെതിരെ ചെറുവിരൽ അനക്കാത്തത് എന്തെന്ന് കേരളത്തിൽ വിശ്വാസികൾ ഉൾപ്പെടെ ചോദിച്ചുതുടങ്ങിയിട്ടും ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിനും സർക്കാരിനും മറുപടിയില്ല.

കന്യാസ്ത്രീ നൽകിയ പരാതിയിലും മൊഴിയിലും ബിഷപ്പിനെ അറസ്റ്റുചെയ്യാനുള്ള വകുപ്പുണ്ട്. പരാതിയെ തുടർന്ന് കേസെടുത്ത ശേഷം ബംഗളൂരുവിലും മൊഴിയിൽ പറഞ്ഞതും അല്ലാത്തതുമായി ബന്ധപ്പെട്ട മഠങ്ങളിലും ഉൾപ്പെടെ നിരവധി കന്യാസ്ത്രീകളുടേയും വിശ്വാസികളുടേയും എല്ലാം മൊഴിയെടുത്തു അന്വേഷണ സംഘം. എന്നിട്ടും ഫ്രാങ്കോ മുളയ്ക്കന്റെ അടുത്തെത്താൻ ഇപ്പോഴും ദൂരമേറെയെന്ന നിലയിൽ ആണ് അന്വേഷണ സംഘം. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ടുപോകൂ. കേരളത്തിലെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. ലഭിച്ച മൊഴികളിൽ മിക്കതും ബിഷപ്പിനെതിരാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നിട്ടും നടപടി വൈകുകയാണ്. ബിഷപ്പിനെതിരേ നടപടി ഉണ്ടായാൽ മാത്രമേ കൂടുതൽ ആൾക്കാർ അന്വേഷണവുമായി സഹകരിക്കുകയുള്ളൂ.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles