ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിസംഘര്‍ഷത്തെതുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രത്തെച്ചൊല്ലിയാണ് സംഘര്‍ഷം രൂക്ഷമായത്. ഇന്ന് അര്‍ധരാത്രിവരെ ഇന്റര്‍നെറ്റ് സേവനകള്‍ നിര്‍ത്തിവെച്ചു. കൂടുതല്‍ കേന്ദ്രസേനയെ സര്‍വകലാശാലാ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പുറത്തുനിന്നെത്തിയ തീവ്രവലതുപക്ഷ വിദ്യാര്‍ഥിസംഘടനകളും ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അലിഗഡിലെ വിദ്യാര്‍ഥികളുമാണ് പൊലീസുമായി ഏറ്റുമുട്ടിയത്.

കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം രംഗത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രം സര്‍വകലാശാലയുടെ ചുവരില്‍ തൂക്കിയതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് എംപി അലിഗഡ് വിസിക്ക് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു.

സര്‍വ്വകലാശാലയിലെ യൂണിയന്‍ ഓഫീസില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആക്രമണം സംഘടിപ്പിച്ചത്. സര്‍വകലാശാലയുടെ സ്ഥാപകനാണ് മുഹമ്മദലി ജിന്ന. സര്‍വകലാശാലയുടെ വളര്‍ച്ചയില്‍ പ്രധാനപങ്കുവഹിച്ച ജിന്നയുടെ ചിത്രത്തെച്ചൊല്ലി സംഘര്‍ഷത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍വകലാശാല അധികാരികളുടെ പക്ഷം.