സഭാ നടപടികൾ വിഷമിപ്പിക്കുന്നെന്ന് കന്യാസ്ത്രീകൾ. സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണ് സഭ ക്രൂശിക്കുന്നത്. പ്രതികാരനടപടികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും നടപടികൾ ഉണ്ടായാൽ പ്രതിഷേധിക്കുമോയെന്നു അപ്പോൾ തീരുമാനിക്കുമെന്നും സിസ്റ്റര്‍ അനുപമ കുറവിലങ്ങാട്ട് പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച പുരോഹിതനെതിരെ നടപടി സ്വീകരിച്ചു. യൂഹാനോന്‍ റമ്പാനെ യാക്കോബായ സഭ പൊതുപരിപാടികളില്‍ നിന്ന് വിലക്കി. വിലക്ക് ലംഘിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്ന് താക്കീതും നൽകി. പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് നടപടി. റമ്പാന്‍ന്മാര്‍ ദയറകളില്‍ പ്രാര്‍ഥിച്ചുകഴിയേണ്ടവരാണെന്ന് സഭാനേതൃത്വം അറിയിച്ചു.

കന്യാസ്ത്രീസമരത്തെ പിന്തുണച്ച മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസി കളപ്പുരക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥന, ആരാധന, കുര്‍ബാന എന്നീ ചുമതലകളില്‍ നിന്ന് വിലക്കി. സന്യാസി സമൂഹത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇടവക വികാരിയാണ് നടപടിയെടുത്തതെന്നാണ് രൂപതയുടെ വിശദീകരണം.

എഫ്.സി.സി സന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിൻസ് അംഗമാണ് സിസ്റ്റർ ലൂസി കളപ്പുര. മാനന്തവാടി രൂപതയുടെ കീഴിലെ കാരക്കാട് മഠത്തിലായിരുന്നു പ്രവർത്തനം . കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് സിസ്റ്റർ ലൂസി സജീവപിന്തുണ നൽകിയിരുന്നു. സഭയെ വിമർശിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. വേദപഠനം, വിശുദ്ധകുർബാന പകർന്നു നൽകൽ ആരാധനാ പങ്കാളിത്തം എന്നിവയിൽ നിന്നും വിലക്കിയതായി മദർ സുപ്പീരിയർ ആണ് ഇന്ന് രാവിലെ സിസ്റ്ററിനെ അറിയിച്ചത്.

താൻ ചെയ്ത തെറ്റ് എന്താണെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു.
സിസ്റ്ററിനെതിരെ തങ്ങൾ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് മാനന്തവാടി രൂപത അറിയിച്ചു. സന്യാസി സമൂഹത്തിന്റെ നിയമങ്ങൾക്കു വിരുദ്ധമായി നേരത്തെ തന്നെ സിസ്റ്റർ പ്രവർത്തിച്ചിരുന്നെന്നും ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു ഇടവക വികാരിയാണ് നടപടിയെടുത്തതെന്നുമാണ് രൂപതയുടെ വിശദീകരണം.