ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പി.യു.ചിത്രയുടെ ലണ്ടന്‍ യാത്ര അനിശ്ചിതത്വത്തില്‍. ചിത്രയുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ചിത്ര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നായിരുന്നു കേസില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ച നിലപാട്.

പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്നായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട്. ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ഫെഡറേഷനും സെലക്ടര്‍മാരും പറയുന്നത്.