പ്രണവ് രാജ്

മസ്​കറ്റ്​ : വിദേശ ഇന്ത്യക്കാരും മോഡിയെ തഴയുന്നുവോ ?. ഇന്ത്യയിലെപ്പോലെ വിദേശത്തും മോഡിയെ ജനം ഒഴിവാക്കി തുടങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമാനില്‍ മോഡി പങ്കെടുത്ത പരിപാടി. മോഡിയുടെ പ്രസംഗം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു.  ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി. ജനക്കൂട്ടത്തി​​​ന്റെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതാണ്​ എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികള്‍. എന്നാല്‍ മസ്​കറ്റില്‍ ഞായറാഴ്​ച നടന്ന പൊതുപരിപാടി ചര്‍ച്ചയായത്​ കാണികളുടെ കുറവിനാലാണ് .

ഒമാനിലെ ഏറ്റവും വലിയ സ്​റ്റേഡിയമായ സുല്‍ത്താന്‍ ഖാബൂസ്​ സ്​പോര്‍ട്​സ്​ കോംപ്ലക്​സിലാണ്​ പരിപാടി നടന്നത്​. മുപ്പതിനായിരത്തോളം പേര്‍ക്ക്​ ഇരിക്കാനാണ്​ സ്​റ്റേഡിയത്തില്‍ സൌകര്യം  ഒരുക്കിയിരുന്നത് . ഏതാണ്ട്​ ഇത്രത്തോളം തന്നെ പാസുകള്‍ വിതരണം ചെയ്​തെങ്കിലും പരിപാടി കാണാന്‍ എത്തിയത് വളരെ കുറച്ച് പേര്‍ മാത്രമാണ്​. ആറുമണിക്ക്​ ആരംഭിക്കുമെന്ന്​ അറിയിച്ചിരുന്ന പരിപാടി ആളില്ലാത്തതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ്​ തുടങ്ങിയതും.

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ലബി​​​​ന്റെ സഹകരണത്തോടെയാണ്​ പരിപാടിക്കുള്ള പാസുകള്‍ വിതരണം ചെയ്​തത്​. സോഷ്യല്‍ക്ലബ്​ മുഖേനയായിരുന്നു ആദ്യഘട്ട രജിസ്​ട്രേഷന്‍. രജിസ്​ട്രേഷന്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക്​ ഉയരാതിരുന്നതോടെ എംബസി വെബ്​സൈറ്റ്​ മുഖേനയും സംവിധാനമേര്‍പ്പെടുത്തി. ഇതിന്​ പുറമെ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കണമെന്ന്​ കാട്ടി കമ്പനികള്‍ക്കും ഇന്ത്യന്‍ സ്​കൂളുകള്‍ക്കും എംബസി അയച്ച കത്ത്​ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അരദിവസത്തെ പരിപാടിയില്‍ എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക്​ വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.

തലേ ദിവസമായ ശനിയാഴ്​ച വൈകുന്നേരമാണ്​ തങ്ങള്‍ക്ക്​ പരിപാടിയില്‍ പങ്കെടുക്കണമെന്ന്​ നിര്‍ദേശം ലഭിച്ചതെന്ന്​ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പറഞ്ഞു. എംബസി നിര്‍ദേശപ്രകാരം വിവിധ സ്​കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്​കൂളുകളില്‍ ചില ക്ലാസുകള്‍ക്ക്​ ഇതിനായി ഉച്ചക്ക്​ ശേഷം അവധി നല്‍കിയിരുന്നു. താഴ്​ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്​കൂള്‍ യൂനിഫോമണിഞ്ഞും പ്ലസ്​ വണ്‍, പ്ലസ്​ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ കളര്‍ ഡ്രസ്​ അണിഞ്ഞുമാണ്​ എത്തിയത്​. സ്​റ്റേഡിയത്തില്‍ പ്രവേശനം ആരംഭിച്ച ഉച്ചക്ക്​ രണ്ടര മുതല്‍ക്കേ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും എത്തിയിരുന്നു.

മലയാളികള്‍ പരിപാടിയില്‍ വളരെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയില്‍ കൂടുതലും. വി.ഐ.പി,വി.വി.ഐ.പി സീറ്റുകളും പൊതുവെ ശൂന്യമായിരുന്നു. ബി.ജെ.പി അനുഭാവികളും പരിപാടിയില്‍ പരമാവധി ആളുകളെ എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനിഗ്​ നടത്തിയിരുന്നു. കോണ്‍ഗ്രസ്​, സി.പി.എം അനുഭാവികള്‍ ഒാണ്‍ലൈനില്‍ രജിസ്​റ്റര്‍ ചെയ്​ത ശേഷം ബോധപൂര്‍വം പാസ്​ വാങ്ങിയില്ലെന്നാണ്​ ബി.ജെ.പി അനുകൂലികളുടെ പ്രധാന ആരോപണം. രണ്ടായിരത്തിലധികം പാസുകളാണ്​ ഇങ്ങനെ വരാതിരുന്നത്​​. പാസ്​ വാങ്ങിയ ശേഷം പരിപാടിക്ക്​ വരാതിരുന്നവരും നിരവധിയാണ്​.

മോഡിയുടെ ഭരണത്തെ കോര്‍പ്പറേറ്റുകളും , തീവ്രഹിന്ദുത്വവാദികളും ഒഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാരും ഇതൊനോടകം മടുത്തു കഴിഞ്ഞു . വെറും പൊള്ളയായ  വാഗ്ദാനങ്ങളും , വാചകമടിയുമായി ലോകം ചുറ്റി നടക്കുന്ന മോഡിയെ വിദേശ ഇന്ത്യക്കാരും തള്ളി കളഞ്ഞിരിക്കുന്നു എന്നാണ്‌ മസ്ക്കറ്റിലെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് .