തിരുവനന്തപുരം: 2018 ജനുവരി 1 മുതല്‍ സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി. ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള പഞ്ചിംഗിലൂടെ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രം ശമ്പളം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ശമ്പള വിതരണത്തിന് ഉപയോഗിക്കുന്ന സ്പാര്‍ക്ക് എന്ന സോഫ്റ്റ് വെയറുമായി ഈ ഹാജര്‍ സംവിധാനത്തെ ബന്ധിപ്പിക്കും. ജീവനക്കാര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാന പൊതുഭരണ വകുപ്പാണ് ഇതി സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. 15-ാം തിയതിക്ക് മുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. ജീവനക്കാര്‍ക്ക് ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഔദ്യോഗിക കാര്യങ്ങള്‍ക്ക് മറ്റ് ഓഫീസുകളില്‍ പോകുന്നവര്‍ക്ക് അവിടെ ഹാജര്‍ രേഖപ്പെടുത്താവുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്തത്. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനാണ് തീരുമാനം. 5250 ജീവനക്കാരാണ് സെക്രട്ടറിയേറ്റില്‍ ഉള്ളതെന്നാണ് കണക്ക്. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് മെഷീനുകള്‍ ഉണ്ടെങ്കിലും രജിസ്റ്ററില്‍ ഒപ്പ് വെക്കുകയും വേണം. ഹാജര്‍ നിരീക്ഷണത്തിനു വേണ്ടി മാത്രമാണ് പഞ്ചിംഗ് മെഷീന്‍ ഉപയോഗിക്കുന്നത്.