നടിയെ ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതു നാലു വർഷം പഴക്കമുള്ള ക്വട്ടേഷനെ തുടർന്നാണെന്ന മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഒന്നരക്കോടി രൂപയാണ് ഇതിനായി വാഗ്ദാനം ചെയ്തതെന്നും സുനിൽ പൊലീസിനോടു പറഞ്ഞു. ദൃശ്യങ്ങൾ പകർത്തി അതു കാണിച്ചു നടിയെ ഭീഷണിപ്പെടുത്താനുള്ള പദ്ധതി വിജയിച്ചാൽ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷൻ നൽകിയ വ്യക്തിക്കുണ്ടാകുമെന്നാണു സുനിലിന്റെ മൊഴി. ഇതു സംബന്ധിച്ചു നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സുനിലിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ കുറെ കാര്യങ്ങൾ വസ്തുതാപരമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ‌ മൂന്നു തവണ പ്രതി ശ്രമം നടത്തിയിരുന്നു. അതിനായി നടി ജോലി ചെയ്യുന്ന സിനിമാ ലൊക്കേഷനുകളിൽ ഡ്രൈവറായി എത്തിയെങ്കിലും അവസരം കിട്ടിയില്ല.

പിന്നീട്, നടിക്ക് അന്യഭാഷാ സിനിമകളിൽ അവസരം വന്നതോടെ സുനിൽകുമാർ ഈ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെയാണ് ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ നടി എത്തുന്നത്. ആദ്യം ക്വട്ടേഷൻ നൽകിയ വ്യക്തിതന്നെ ഈ ഘട്ടത്തിൽ വീണ്ടും സുനിലിനെ നിയോഗിച്ചതായാണു സൂചന. സിനിമാ സെറ്റിൽ അമിതവിധേയത്വം കാണിച്ചു നടിയോട് അടുക്കാൻ പ്രതി ശ്രമിച്ചതിനും തെളിവുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ് ഗോവയിൽ നടക്കുമ്പോൾ പദ്ധതി നടപ്പാക്കാൻ സുനിൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതിനു ശേഷമാണ് ഫെബ്രുവരി 17നു തൃശൂർ–കൊച്ചി ദേശീയപാതയിൽ അങ്കമാലിക്കു സമീപം നടി സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറി കൃത്യം നിർവഹിച്ചത്.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുമ്പോൾ അവരുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വ്യക്തമായി വേണമെന്നു ക്വട്ടേഷൻ നൽകിയ വ്യക്തി നിർദേശിച്ചതായാണു പ്രതിയുടെ മൊഴി. അതിക്രമത്തിനിടെ നടി കരഞ്ഞപ്പോൾ ചിരിക്കാൻ പ്രതി നിർബന്ധിച്ചതായും പൊലീസിനു മൊഴി ലഭിച്ചു.