കുറച്ചുനാൾ മുമ്പ് കൊച്ചിയിൽ പ്രമുഖ സംവിധായകന്റെ പടം ചിത്രീകരണം തുടങ്ങുന്നു. ക്യാമറ റോൾ ചെയ്തതും ശല്യക്കാരനായി പ്രാദേശിക ഗുണ്ടയെത്തി. ഗുണ്ടയെ ഓടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ സിനിമാക്കാർ പുതിയ തന്ത്രം സ്വീകരിച്ചു. ഗുണ്ടയെ പണം കൊടുത്ത് ലൊക്കേഷന്റെ ചുമതല ഏൽ‌പ്പിച്ചു – അങ്ങനെ ഗുണ്ടയെ സിനിമയിൽ എടുത്തു. സിനിമയും രാഷ്ട്രീയവും പൊലീസും ഭൂമിക്കച്ചവടവും ഇടകലർന്ന കൊച്ചിയുടെ പുതിയ ലൊക്കേഷനിൽ ഗുണ്ടകൾ ഒഴിച്ചുകൂടാത്തവരായി മാറി. പലരും കണ്ടില്ല, കണ്ടവർ മിണ്ടിയില്ല. മുന്തിയ ഇനം ലഹരി അടക്കമുള്ളവ കൊച്ചിയിൽ സുലഭമായി. പൊലീസിന്റെ കണ്ണുവെട്ടിച്ച് പാർട്ടികളും സജീവമായി. സിനിമയും രാഷ്ട്രീയവും കുട പിടിച്ചതോടെ ഗുണ്ടകൾക്ക് നെഞ്ചു വിരിച്ചു നടക്കാമെന്ന സ്ഥിതിയുമായി.

ഡ്രൈവർ ആക്കിയ എംഎൽഎ നടന് കിട്ടിയ പണി… 

പൾസർ സുനി ദിലീപിനു വേണ്ടി ക്വട്ടേഷനെടുക്കുന്നതിനു മുൻപുള്ള കാലം. മറ്റൊരു നടന്റെ ഡ്രൈവറാണ് കക്ഷി. നടന്റെ കാറിൽ പ്രതിശ്രുത വധു ഒറ്റയ്‌ക്കു പാലക്കാട്ടേക്കു പോവുകയാണ്. ഡ്രൈവറുടെ സീറ്റിൽ സാക്ഷാൽ പൾസർ സുനി. കുറെ ദൂരം ചെന്നപ്പോൾ മറ്റൊരു കാറിൽ പൾസർ സുനി കാറിടിപ്പിച്ചു. ഇടിയേറ്റവർ പുറത്തിറങ്ങിയതോടെ സുനി ബഹളംവച്ചു തുടങ്ങി. അതോടെ ആളു കൂടി. കാർ നടന്റേതാണെന്ന് സുനി വിളിച്ചു പറഞ്ഞതോടെ ജനം കാറിനുള്ളിൽ നടനെ തിരഞ്ഞു. പക്ഷേ, കാണുന്നത് യുവതിയെ. ബഹളം മൂലം വിഷമിച്ചു പോയ അവർ, ഫോണിൽ നടനെ വിളിച്ച് കാര്യം പറഞ്ഞു. എന്തു നഷ്‌ടപരിഹാരം കൊടുത്താണെങ്കിലും ഉടനടി അവിടെനിന്നു വണ്ടിയുമായി പോകാൻ നടൻ സുനിയോട് കൽപിച്ചു.

ഇടിയും അനുബന്ധ നാടകവും പൾസർ സുനി ആസൂത്രണം ചെയ്‌തതാണെന്നു മനസിലാക്കിയ നടൻ, ഇനി താൻ വിളിച്ചിട്ടു ഡ്രൈവർ ജോലിക്ക് എത്തിയാൽ മതിയെന്നു പറഞ്ഞ് അയാളെ യാത്രയാക്കി. കുറെ ദിവസം കഴിഞ്ഞിട്ടും നടൻ വിളിക്കാതിരുന്നതോടെ സുനി ഗുണ്ടകളെയുമായി കൊച്ചിയിലെ ഷൂട്ടിങ് സെറ്റിലെത്തി നടനു നേരേ ഭീഷണി മുഴക്കി. പക്ഷേ, നടൻ മധുരവാക്കു പറഞ്ഞ് ഒരുവിധത്തിൽ അവനെ ഒഴിവാക്കി വീണ്ടും തടിയൂരി.