കുഞ്ചെറിയാ മാത്യു

പ്രശസ്ത നടി ലൈംഗികാതിക്രമത്തിന് ഇരയായതുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രമുഖ താരം ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് സിനിമാലോകത്തെ പല അന്തഃപുര രഹസ്യങ്ങളും പരസ്യമാകാന്‍ തുടങ്ങി. നടിയെ പീഡിപ്പിക്കുന്നതിന് ദിലീപ് നല്‍കിയ ക്വട്ടേഷനില്‍ ഒന്നരക്കോടി രൂപ പ്രതിഫലത്തിനു പുറമെ സമീപകാലത്ത് പള്‍സര്‍ സുനിക്ക് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നുവരാന്‍ ദിലീപ് തന്റെ ഡേറ്റ് കൂടി വാഗ്ദാനം ചെയ്തിരുന്നു എന്നാണ് സിനിമാ രംഗത്ത് നിന്നു ചോര്‍ന്ന് കിട്ടുന്ന വാര്‍ത്ത. ചില പ്രമുഖ താരങ്ങളുടെ ഡ്രൈവറായിരുന്നവര്‍ പിന്നീട് പ്രശസ്ത നിര്‍മ്മാതാക്കളായത് സിനിമാതാരങ്ങളുടെയും ലൊക്കേഷനിലെയും ഡ്രൈവറായിരുന്ന പള്‍സര്‍ സുനിക്ക് പ്രചോദനമായി. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ പര്യവസാനിച്ചിരുന്നെങ്കില്‍ പള്‍സര്‍ സുനി ഒരുപക്ഷേ മലയാള സിനിമാലോകത്തെ ഒരു പ്രമുഖ നിര്‍മ്മാതാവായേനെ.

മലയാള സിനിമയിലെ ഏറ്റവും സമ്പന്നനായ താരമായി മാറിയ ദിലീപ് സിനിമാ രംഗത്തെ എല്ലാ മേഖലകളിലും കൈവച്ചിരുന്നു. അഭിനയം, നിര്‍മാണം, വിതരണം, പ്രദര്‍ശനം തുടങ്ങി ദിലീപിന് മേല്‍കോയ്മ ഇല്ലാത്ത മേഖലകളില്ലായിരുന്നു. ഈ ആധിപത്യം തന്നെയാണ് മമ്മൂട്ടിയും മോഹന്‍ലാലും പോലും ഭയക്കുന്ന താരമായി വളരാന്‍ ദിലീപിനെ സഹായിച്ചത്. അഭിനയരംഗത്ത് തനിക്ക് ഇഷ്ടമില്ലാത്ത ഓരോരുത്തരെയായി അരിഞ്ഞു വീഴ്ത്തിയ ദിലീപാണ് മഹാനടനായ തിലകനെ പോലും അവസാനകാലത്ത് വീട്ടിലിരുത്തിയത്. സിനിമാ വ്യവസായത്തിലെ എല്ലാ മേഖലകളെയും നിയന്ത്രിച്ചിരുന്ന ദിലീപാണ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്മാരുടെ സംഘടനയുടെയും തീയറ്ററുകാരുടെ സംഘടനയുടെയെല്ലാം പിളര്‍പ്പിന് പിന്നില്‍. ഹോട്ടല്‍ വ്യവസായി, സിനിമാ നിര്‍മ്മാതാവ്, തീയറ്റര്‍ ഉടമ എന്നീ നിലകളിലെല്ലാം ദിലീപ് ഒരു വന്‍ വിജയമായിരുന്നു. താന്‍ അഭിനയിക്കുന്ന സിനിമയില്‍ വിതരണാവകാശം എന്ന തന്ത്രം മലയാള സിനിമയില്‍ ആദ്യമായി പുറത്തെടുത്തത് ദിലീപാണ്. ദിലീപിന്റെ ഹിറ്റ് ചിത്രമായ മായാമോഹിനിയോടെയാണ് ഇതിന് തുടക്കമിട്ടത്.

ഇതിനിടയില്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ ശക്തമായ നിലപാട് എടുത്ത പൃഥ്വിരാജിന് ഇത് പ്രതികാരത്തിന്റെ കാലമാണ്. കാരണം പൃഥ്വിരാജിന്റെ പല സിനിമകളെയും തീയേറ്ററില്‍ നിന്ന് കൂവി ഓടിക്കാനും ഒതുക്കാനും കളിച്ചത് ദിലീപാണെന്നത് പരസ്യമായ രഹസ്യമാണ്. അമ്മയിലെ അംഗങ്ങളുടെ പ്രത്യേകിച്ച് വനിതകളുടെ ശക്തമായ വികാരവും പൊതുജനരോഷവും മനസിലാക്കി മമ്മൂട്ടി ഉള്‍പ്പെടെ പല പ്രമുഖ താരങ്ങളും രാത്രി വെളുത്തപ്പോള്‍ തങ്ങളുടെ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞത് ദിലീപിന് ഇരുട്ടടിയായി. ഇന്നലെ നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ദിലീപിനെ ക്രിമിനലാണെന്ന് വിശേഷിപ്പിച്ചത്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ ആലുവ പോലീസ് ക്ലബ്ബില്‍ വിളിപ്പിച്ചപ്പോള്‍ അര്‍ദ്ധരാത്രിയില്‍ സന്ദര്‍ശിക്കാന്‍ ചെന്ന് അനുഭാവം പ്രകടിപ്പിച്ച സിദ്ദിഖ് ദിലീപിന്റെ അറസ്റ്റില്‍ വേദനിക്കേണ്ട കാര്യമില്ലെന്നാണ് പ്രതികരിച്ചത്. ഒരു സഹോദരനെപ്പോലെ വിശ്വസിച്ച് പോയെന്ന് മുകേഷ് പരിതപിച്ചു. ലോകം മുഴുവനും ദിലീപിനെ സംശയിച്ചപ്പോള്‍ സംരക്ഷണവലയം തീര്‍ത്ത സിനിമാരംഗത്തെ പ്രമുഖര്‍ ഒരിക്കലും ഇത്തരത്തിലൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസിലായപ്പോള്‍ ദിലിപിനെ തള്ളിപ്പറഞ്ഞ് സ്വന്തം നില ഭദ്രമാക്കാനുള്ള തത്രപ്പാടിലാണ് അമ്മയും സിനിമാലോകവും.