ലണ്ടന്‍: ചെലവുകള്‍ താങ്ങാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വിചിത്രമായ നടപടികളുമായി സ്‌കൂളുകള്‍. ക്ലാസ് സമയത്തിനു ശേഷം ക്ലാസ് മുറികള്‍ സ്വയം വൃത്തിയാക്കണമെന്ന് ലണ്ടന്‍ബറോയിലെ വാന്‍ഡ്‌സ് വര്‍ത്തിലുള്ള ഫൂഴ്‌സ്ഡൗണ്‍ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ക്ലീനിംഗ് ജോലികള്‍ക്ക് ജീവനക്കാരെ നിയമിക്കാന്‍ ഫണ്ട് ഇല്ലാത്തതിനാലാണ് ഈ നടപടി. ഹെഡ്ടീച്ചറിന്റെ ഭര്‍ത്താവാണ് സ്‌കൂളിലെ പ്ലംബിംഗ് ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കൂളില്‍ ജോലിയിലുണ്ടായിരുന്ന ക്ലീനര്‍മാരിലൊരാള്‍ മറ്റൊരു ജോലി തേടിയതോടെയാണ് സ്‌കൂളില്‍ പ്രതിസന്ധി ആരംഭിച്ചത്. വേറൊരാളെ നിയമിക്കാന്‍ സ്‌കൂളിന് ആവശ്യമായ ഫണ്ട് ഉണ്ടായിരുന്നില്ല. ഹെഡ്ടീച്ചറുടെ ഭര്‍ത്താവിനു പുറമേ കുട്ടികളുടെ രക്ഷാകര്‍ത്താക്കളും സഹായത്തിനുണ്ട്. ക്ലാസ് റൂമില്‍ ആവശ്യമായ വസ്തുക്കളും കേടായ ഉപകരണങ്ങളും മറ്റും വാങ്ങി നല്‍കുന്നത് രക്ഷാകര്‍ത്താക്കളാണ്.

ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ചതാണ് ഈ ദയനീയാവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുകെയിലെ സ്‌കൂളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് അധ്യാപകരും രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും പ്രാദേശികമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ദേശീയ തലത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഇത്.